| Monday, 9th September 2024, 12:53 pm

ലളിത ചേച്ചിയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത് എന്തിനാണെന്ന് ഞാൻ, ലോകത്തുള്ള എല്ലാവർക്കും വേണ്ടിയാണ് ഈ ചിത്രമെന്ന് അദ്ദേഹത്തിന്റെ മറുപടി: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പകരക്കാരിയില്ലാത്ത നടിയായിരുന്നു കെ.പി.എ.സി ലളിത. നാടക വേദികളിൽ നിന്ന് സിനിമയിലെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു. സത്യൻ അന്തിക്കാട്, കമൽ, ഭരതൻ തുടങ്ങിയ സംവിധായകരുടെ സിനിമയിൽ സ്ഥിര സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത. കെ.പി.എ.സി ലളിതയുടെ ശബ്‌ദത്തിലൂടെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു മതിലുകൾ എന്ന ചിത്രത്തിലെ നാരായണി. ബഷീറിന്റെ മതിലുകൾ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ മതിലുകൾ.

ചിത്രത്തിൽ കെ.പി.എ.സി ലളിതയുടെ ശബ്‌ദം കേട്ടപ്പോൾ തനിക്ക് ആദ്യം ഒരു സുഖം തോന്നിയില്ലെന്ന് പറയുകയാണ് സംവിധായകൻ കമൽ. സാങ്കല്പിക കഥാപാത്രമായ നാരായണിക്ക് ലളിത ചേച്ചിയുടെ ശബ്‌ദം വരുമ്പോൾ പ്രേക്ഷകന് എന്ന നിലയിൽ തനിക്ക് അവരെ മതിലിനപ്പുറം കാണാൻ കഴിയുമായിരുന്നുവെന്ന് കമൽ പറയുന്നു.

എന്നാൽ ഈ കാര്യം അടൂരിനോട് ചോദിച്ചപ്പോൾ, മതിലുകൾ താൻ മലയാളികൾക്ക് വേണ്ടിയെടുത്ത സിനിമയല്ലെന്ന് പറഞ്ഞെന്നും പുറത്തുള്ളവർക്ക് കെ.പി.എ.സി ലളിതയെ അറിയില്ലെന്ന് അടൂർ പറഞ്ഞെന്നും കമൽ കൂട്ടിച്ചേർത്തു. അമൃത ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബഷീറിന്റെ മതിലുകൾ വായിച്ചിട്ടുള്ള ആളുകളാണ് ഞങ്ങളൊക്കെ. അത് വായിച്ചിട്ടാണ് ഞങ്ങൾ സിനിമ കാണാൻ പോവുന്നത്. കെ.പി.എ.സി ലളിത ഡബ്ബ് ചെയ്യുന്നുവെന്ന് കേട്ടപ്പോൾ തന്നെ എനിക്കൊരു സംശയം ഉണ്ടായിരുന്നു. കാരണം ലളിത ചേച്ചിയുടെ ശബ്‌ദം കേൾക്കുമ്പോൾ അവരുടെ മുഖം നമ്മുടെ മനസിൽ വരുകയല്ലേ. സ്വാഭാവികമായിട്ടും മതിലിനപ്പുറം ലളിത ചേച്ചിയാണ് നിൽക്കുന്നതെന്ന് നമുക്ക് തോന്നും.

മുഖം കാണാത്ത ഒരു പെണ്ണ് എന്ന സങ്കൽപ്പമാണല്ലോ ബഷീർ എഴുതി വെച്ചിരിക്കുന്നത്. സിനിമയിലും മമ്മൂട്ടിയും ലളിത ചേച്ചിയും മുഖം കാണാതെയാണ് അഭിനയിച്ചിട്ടുള്ളത്. ആ സിനിമയിൽ കെ.പി.എ.സി ലളിത അഭിനയിച്ചിട്ടേയില്ല. അവരുടെ മുഖം വരെയുന്നേയില്ല. അങ്ങനെ തന്നെയാണ് ബഷീറിന്റെ കഥയിലുമുള്ളത്. ബഷീർ നാരായണിയുടെ മുഖം കാണുന്നില്ല അറിയുന്നില്ല. അതി സുന്ദരിയായ ഒരു പെൺകുട്ടിയെ സങ്കല്പിച്ചാണ് ബഷീർ ആ കഥ എഴുതിയിരിക്കുന്നത്.

അടൂർ സാർ എന്തുകൊണ്ട് കെ.പി.എ.സി ലളിതയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു എന്ന സംശയം എനിക്ക് സിനിമ കാണുമ്പോൾ ആദ്യം ഉണ്ടായിരുന്നു. പിന്നീട് അടൂർ സാറുമായി അടുപ്പമായപ്പോൾ ഞാൻ അത് അദ്ദേഹത്തോട് ചോദിച്ചു. സാർ എന്തുകൊണ്ടാണ് കെ.പി.എ.സി ലളിത ചേച്ചിയെ കൊണ്ട് ആ കഥാപാത്രത്തിന് ശബ്‌ദം നൽകിയത്, എനിക്ക് ആ സിനിമ കണ്ടപ്പോൾ കെ.പി.എ.സി ലളിതയെ മതിലിനപ്പുറത്ത് കാണാം.

അതിലൊരു സുഖമില്ലായ്‌മയില്ലേയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ലളിത ചേച്ചി അതി മനോഹരമായി അത് ഡബ്ബ് ചെയ്തിട്ടുണ്ട്. നമ്മളെ മോഹിപ്പിക്കുന്ന തരത്തിലുള്ള ശബ്‌ദമാണത്. സാർ എനിക്ക് തന്ന മറുപടി, കമലിന് കെ.പി.എ.സി ലളിതയെ അറിയാം മലയാളികൾക്കും അവരെ അറിയാം, പക്ഷെ ഞാൻ മലയാളികൾക്ക് വേണ്ടി മാത്രമല്ല ഈ സിനിമയെടുക്കുന്നത് എന്നായിരുന്നു.

ലോകത്തുള്ള എല്ലാവർക്കും വേണ്ടിയാണ്. അവർക്ക് എല്ലാവർക്കും ലളിതയുടെ ശബ്‌ദം അറിയില്ല. കൃത്യമായ മോഡുലേഷനിലൂടെ ബഷീറിന്റെ നാരായണിയെ അവതരിപ്പിക്കാനുള്ള ഒരാളെ എനിക്ക് വേറെ കിട്ടിയില്ല. ഞാൻ പത്തോ പന്ത്രണ്ടോ ശബ്‌ദങ്ങൾ പരീക്ഷിച്ച അവസാനം ലളിതയിൽ എത്തുകയായിരുന്നു എന്നാണ് അടൂർ സാർ പറഞ്ഞത്,’കമൽ പറയുന്നു.

Content Highlight: Kamal Talk About Kpac Lalitha’s Dubbing In Mathilukal Movie

We use cookies to give you the best possible experience. Learn more