| Tuesday, 9th July 2024, 2:05 pm

ആ ചിത്രത്തിൽ നാഷണൽ അവാർഡ് കിട്ടുമെന്ന് ജയറാം പ്രതീക്ഷിച്ചു, പ്രേക്ഷകർ അത് ഏറ്റെടുക്കാത്തത് ഇന്നും ഒരു വേദനയാണ്: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് കമല്‍. മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമല്‍ വ്യത്യസ്തമായ ഒരുപാട് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

സത്യൻ അന്തിക്കാട് – ജയറാം കൂട്ടുകെട്ട് പോലെ മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് കമൽ – ജയറാം.
ആയുഷ്കാലം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ശുഭ യാത്ര, പെരുവെണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ മികച്ച സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നവയായിരുന്നു.

ജയറാമിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് കമൽ. ജയറാം ഒരു മികച്ച നാടനാണെന്നും എന്നാൽ ആ രീതിയിൽ അർഹിച്ച പരിഗണന ജയറാമിന് ലഭിച്ചിട്ടില്ലെന്നും കമൽ പറയുന്നു. ജയറാമിന്റെ ‘ ശേഷം’ എന്ന ചിത്രത്തിലെ പ്രകടനം ഗംഭീരമായിരുന്നുവെന്നും എന്നാൽ അതിൽ നാഷണൽ അവാർഡ് കിട്ടാത്തത് തനിക്കും ജയറാമിനും ഇന്നുമൊരു വേദനയാണെന്നും കമൽ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമൽ.

‘ജയറാം എന്ന നടൻ വളരെയധികം അണ്ടർസ്റ്റിമേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അത് വളരെ വേദനയോടെ ഞാനിപ്പോൾ പറയുകയാണ്. കാരണം നമുക്കറിയാം ജയറാം ഒരുപാട് സിനിമകളിൽ ഒരുപാട് മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

പക്ഷെ എവിടയോ ജയറാമിന് ഭാഗ്യമില്ലാതെ പോവുന്നുണ്ട്. മികച്ച നടനുള്ള അവാർഡ് ഇതുവരെ ജയറാമിനെ തേടി വന്നിട്ടില്ല എന്നതാണ് സത്യം. ശേഷം എന്ന സിനിമയിൽ അത്രയും മനോഹരമായി ജയറാം കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് മികച്ച നടനുള്ള നാഷണൽ അവാർഡ് കിട്ടുമെന്ന് വരെ ജയറാം പ്രതീക്ഷിച്ചിരുന്നു.

എന്നാൽ അത് കിട്ടാതെ പോയി. ആ സിനിമക്ക് അവാർഡ് കിട്ടി. പക്ഷെ നടനുള്ള അവാർഡ് കിട്ടാതെ പോയി. ഞാൻ ഒരുപാട് പ്രതീക്ഷിച്ചു ജയറാമിന് മികച്ച നടനുള്ള അവാർഡ് കിട്ടുമെന്ന്. ജയറാം അത് ആഗ്രഹിച്ചിരുന്നു.

കോമഡി മാത്രം ചെയ്താലേ ജയറാമിന് ശരിയാവുള്ളൂ എന്ന ധാരണ പ്രേക്ഷകർക്ക് വന്നതുകൊണ്ടാവാം. ശേഷത്തിലെ അവസാന ഭാഗങ്ങളിലൊക്കെ അത്രയും നന്നായി ജയറാം പെർഫോം ചെയ്തിട്ടും പ്രേക്ഷകർ അത് ഏറ്റെടുത്തില്ല എന്നത് ഇപ്പോഴും എന്റെയും ജയറാമിന്റെയും മനസിൽ ഒരു വേദനയായി ഉള്ളിലുണ്ട്,’കമൽ പറയുന്നു.

Content Highlight: Kamal Talk About Jayram’s Acting In Shesham Movie

We use cookies to give you the best possible experience. Learn more