| Saturday, 24th February 2024, 1:48 pm

നിറം സിനിമയുടെ ഐഡിയ ലഭിച്ചത് അവരിൽ നിന്നാണ്, അന്നത്തെ ന്യൂ ജനറേഷൻ സിനിമയാണത്: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. മിഴിനീർപൂക്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമൽ വ്യത്യസ്തമായ ഒരുപാട് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

അത്തരത്തിൽ കമലിന്റെ കരിയറിലെ ഏറ്റവും വിജയമായ ചിത്രമായിരുന്നു നിറം. കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഒരു ക്യാമ്പസ് പ്രണയ ചിത്രമായിരുന്നു നിറം.

നിറം എന്ന സിനിമ ഉണ്ടായതിനെ കുറിച്ച് പറയുകയാണ് കമൽ. തന്റെ മകന്റെയും കൂട്ടുകാരുടെയും സൗഹൃദമെല്ലാം കണ്ടിട്ടാണ് നിറത്തിന്റെ ആശയം തനിക്ക് കിട്ടിയതെന്ന് കമൽ പറയുന്നു. മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ടായിരത്തിലാണ് നിറം വരുന്നത്. അന്നത്തെ ഒരു ന്യൂ ജനറേഷൻ സിനിമയാണ് നിറമെന്ന് വേണമെങ്കിലും പറയാം. എന്തുകൊണ്ട് ആ വിഷയം തെരഞ്ഞെടുത്തുവെന്ന് ചോദിച്ചാൽ,
എന്റെയൊന്നും ചെറുപ്പത്തിൽ ഈ ആൺപെൺ സൗഹൃദം എന്ന് പറയുന്ന സാധനമേയില്ലല്ലോ. നമ്മുടെ കസിൻസിനോട്‌ പോലും വളരെ സ്നേഹത്തോടെ സംസാരിക്കാൻ നമുക്ക് അവസരം കിട്ടിയിട്ടില്ല.

അന്നെന്റെ മകൻ സ്കൂളിൽ പഠിക്കുകയായിരുന്നു. ഞാൻ കാണുന്നത് അവനും അവന്റെ കസിൻസും കൂട്ടുകാരും തമ്മിലുള്ള സൗഹൃദമാണ്. ഞാൻ അവരോട് അതിനെ പറ്റി ചോദിക്കുകയും ചെയ്തിരുന്നു. ആൺകുട്ടികൾ എടായെന്ന് വിളിക്കുന്നു പെൺകുട്ടികളും എടായെന്ന് വിളിക്കുന്നു. അതാണ് പെട്ടെന്ന് സിനിമ ചെയ്യാനുള്ള ഒരു തോന്നൽ ഉണ്ടാക്കിയത്. അതാണ് എന്നെ ആകർഷിച്ചത്,’കമൽ പറയുന്നു.

എന്നാൽ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ ആദ്യദിനം കൂവലായിരുന്നുവെന്നും കമൽ പറഞ്ഞു.

‘പക്ഷെ ആ സിനിമ റിലീസ് ചെയ്ത ദിവസം തിയേറ്ററിൽ വരുന്ന ഭൂരിഭാഗം പേരും പുതിയ തലമുറയിലെ വിദ്യാസമ്പന്നരായ അവരുടെ ഒരു മാനസിക അവസ്ഥയിലേക്ക് എത്താത്ത ഒരു സമൂഹമായിരുന്നു. അവർക്ക് നിറം പെട്ടെന്ന് ഉൾകൊള്ളാൻ പറ്റിയില്ല. പെൺകുട്ടിയെ എടായെന്ന് വിളിക്കുന്നതൊക്കെ അവർക്ക്‌ ഉൾകൊള്ളാൻ കഴിഞ്ഞില്ല.

അതുകൊണ്ട് തന്നെ റിലീസ് ചെയ്ത ദിവസം തിയേറ്ററിൽ കൂവൽ ആയിരുന്നു. ഇത് എന്താണെന്ന രീതിയിൽ നല്ല കൂവൽ ഉണ്ടായിരുന്നു. ഞങ്ങളൊക്കെ കരുതിയത് പടം പൊട്ടിപ്പോയെന്നാണ്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അതിന്റെ ഒരു വിഷയവും പ്രണയവുമെല്ലാം ആളുകൾക്ക് മനസിലായി വലിയ ഹിറ്റിലേക്ക് ചിത്രം മാറുകയായിരുന്നു,’കമൽ പറയുന്നു.

Content Highlight: Kamal Talk About How He Got Idea Of Niram Movie

Latest Stories

We use cookies to give you the best possible experience. Learn more