പള്ളി പൊളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ ഭയങ്കര ഇമോഷണലായി; സെറ്റിട്ടതാണെന്ന കാര്യം മറന്നു; ബാബരി തകര്‍ക്കപ്പെട്ട സമയത്തെ ഷൂട്ടിനെ കുറിച്ച് കമല്‍
Entertainment
പള്ളി പൊളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ ഭയങ്കര ഇമോഷണലായി; സെറ്റിട്ടതാണെന്ന കാര്യം മറന്നു; ബാബരി തകര്‍ക്കപ്പെട്ട സമയത്തെ ഷൂട്ടിനെ കുറിച്ച് കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th January 2024, 3:16 pm

ശ്രദ്ധേയമായ സിനിമകളിലൂടെ സ്വീകാര്യനായ സംവിധായകനാണ് കമൽ. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം പുതിയ കാലത്തും സിനിമകളുടെ ഭാഗമാണ്.

1993ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗസൽ. ചിത്രത്തിന്റെ ഷൂട്ടിന്റെ ഇടയിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് കമൽ.

ബാബരി മസ്ജിദ് പള്ളി പൊളിച്ചതിന്റെ പ്രശ്നങ്ങൾ നടക്കുന്ന സമയത്താണ് ഗസൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിന്റെ ആവശ്യത്തിനായി നിർമിച്ച ഒരു പള്ളി ഉണ്ടായിരുന്നു. ഷൂട്ടിന് ശേഷം പള്ളി സെറ്റ് പൊളിക്കുന്നതിനിടയിൽ ശരിക്കുമുള്ള പള്ളിയാണെന്ന് കരുതി നാട്ടുകാർ പ്രശ്നമുണ്ടാക്കിയെന്ന് പറയുകയാണ് കമൽ. പിന്നീട് ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാരെ പറഞ്ഞു മനസിലാക്കിയതെന്നും കമൽ പറഞ്ഞു.

‘ബാബരി മസ്ജിദ് പള്ളി പൊളിച്ച സമയത്താണ് ഗസൽ സിനിമ ഷൂട്ട്‌ നടക്കുന്നത്. ആ ചിത്രത്തിൽ ഒരു പള്ളി സെറ്റ് ഇട്ടിട്ടുണ്ടായിരിന്നു. തിലകൻ ചേട്ടന്റെ കഥാപാത്രം ഇരിക്കുന്ന ഒരു പള്ളിയുണ്ട്. അത് പൊളിഞ്ഞു കിടക്കുന്ന രീതിയിലാണ് ഞങ്ങൾ സെറ്റ് ഇട്ടത്.

കൃഷ്ണമൂർത്തിയായിരുന്നു അതിന്റെ ആർട്ട്‌ ഡയറക്ടർ. ഞങ്ങൾക്ക് ഷൂട്ട്‌ കഴിഞ്ഞ് ഈ പള്ളി പൊളിക്കണമല്ലോ. അത് പൊളിക്കുന്ന സമയത്ത് ബാബരി പള്ളി പൊളിച്ച പ്രശ്നങ്ങൾ നടക്കുകയാണ്. അത് മലപ്പുറം ആയിരുന്നു സ്ഥലം. കൃഷ്ണമൂർത്തിയന്ന് കാവിയൊക്കെ ഇട്ട് ഒരു സന്യാസി വേഷത്തിലായിരുന്നു നടന്നത്.

പുള്ളി വന്നിട്ട് കുറേ പണിക്കാരെയെല്ലാം വിളിച്ച് ഇത് പൊളിക്കാൻ പറഞ്ഞപ്പോൾ അവിടുത്തെ കുറച്ച് നാട്ടുകാരൊക്കെ അങ്ങോട്ട് വന്നു. അതൊരു സെറ്റ് ആണെന്ന കാര്യമെല്ലാം അവർ മറന്നു പോയി. അവർ ഭയങ്കര ഇമോഷണലായി അത് തടഞ്ഞുവെച്ചു. വലിയ പ്രശ്നമായി. അത് പൊളിക്കാൻ പറ്റില്ലായെന്ന് പറഞ്ഞു.

ഞാൻ വേറെയൊരു സ്ഥലത്ത് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന് വിവരം പറഞ്ഞപ്പോൾ ഞാനും ടി. എ. റസാഖും ചെന്ന് ഇടപെട്ടു. ഞങ്ങൾ ചെന്ന്, അതുമായിട്ട് ഇവർക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു,’കമൽ പറയുന്നു.

Content Highlight: Kamal Talk About Gazal Movie Shooting Experiences