അവർക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല, ആദ്യദിനം നല്ല കൂവൽ കിട്ടിയ ചിത്രം പൊട്ടിപ്പോയെന്ന് കരുതി: കമൽ
Entertainment
അവർക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല, ആദ്യദിനം നല്ല കൂവൽ കിട്ടിയ ചിത്രം പൊട്ടിപ്പോയെന്ന് കരുതി: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th February 2024, 9:26 am

നിറം ഇറങ്ങിയ ദിവസം തിയേറ്ററിൽ കൂവലായിരുന്നുവെന്ന് സംവിധായകൻ കമൽ പറയുന്നു. കമലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച നിറം.

യുവജനങ്ങൾക്കിടയിൽ വലിയ തരംഗമായ ചിത്രത്തിന് ആദ്യദിനം കൂവൽ കിട്ടിയത് ഒരു വിഭാഗം പ്രേക്ഷകർക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാണെന്ന് കമൽ പറഞ്ഞു. മാധ്യമത്തോട് സംസാരിക്കുകയായിരുന്നു കമൽ.

‘രണ്ടായിരത്തിലാണ് നിറം വരുന്നത്. അന്നത്തെ ഒരു ന്യൂ ജനറേഷൻ സിനിമയാണ് നിറമെന്ന് വേണമെങ്കിലും പറയാം. എന്തുകൊണ്ട് ആ വിഷയം തെരഞ്ഞെടുത്തുവെന്ന് ചോദിച്ചാൽ,
എന്റെയൊന്നും ചെറുപ്പത്തിൽ ഈ ആൺപെൺ സൗഹൃദം എന്ന് പറയുന്ന സാധനമേയില്ലല്ലോ. നമ്മുടെ കസിൻസിനോട്‌ പോലും വളരെ സ്നേഹത്തോടെ സംസാരിക്കാൻ നമുക്ക് അവസരം കിട്ടിയിട്ടില്ല.

അന്നെന്റെ മകൻ സ്കൂളിൽ പഠിക്കുകയായിരുന്നു. ഞാൻ കാണുന്നത് അവനും അവന്റെ കസിൻസും കൂട്ടുകാരും തമ്മിലുള്ള സൗഹൃദമാണ്. ഞാൻ അവരോട് അതിനെ പറ്റി ചോദിക്കുകയും ചെയ്തിരുന്നു.

ആൺകുട്ടികൾ എടായെന്ന് വിളിക്കുന്നു പെൺകുട്ടികളും എടായെന്ന് വിളിക്കുന്നു. അതാണ് പെട്ടെന്ന് സിനിമ ചെയ്യാനുള്ള ഒരു തോന്നൽ ഉണ്ടാക്കിയത്. അതാണ് എന്നെ ആകർഷിച്ചത്.

പക്ഷെ ആ സിനിമ റിലീസ് ചെയ്ത ദിവസം തിയേറ്ററിൽ വരുന്ന ഭൂരിഭാഗം പേരും പുതിയ തലമുറയിലെ വിദ്യാസമ്പന്നരായ അവരുടെ ഒരു മാനസിക അവസ്ഥയിലേക്ക് എത്താത്ത ഒരു സമൂഹമായിരുന്നു. അവർക്ക് നിറം പെട്ടെന്ന് ഉൾകൊള്ളാൻ പറ്റിയില്ല. പെൺകുട്ടിയെ എടായെന്ന് വിളിക്കുന്നതൊക്കെ അവർക്ക്‌ ഉൾകൊള്ളാൻ കഴിഞ്ഞില്ല.

അതുകൊണ്ട് തന്നെ റിലീസ് ചെയ്ത ദിവസം തിയേറ്ററിൽ കൂവൽ ആയിരുന്നു. ഇത് എന്താണെന്ന രീതിയിൽ നല്ല കൂവൽ ഉണ്ടായിരുന്നു. ഞങ്ങളൊക്കെ കരുതിയത് പടം പൊട്ടിപ്പോയെന്നാണ്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അതിന്റെ ഒരു വിഷയവും പ്രണയവുമെല്ലാം ആളുകൾക്ക് മനസിലായി വലിയ ഹിറ്റിലേക്ക് ചിത്രം മാറുകയായിരുന്നു,’കമൽ പറയുന്നു.

Content Highlight: Kamal Talk About First Day Of Niram Movie