| Monday, 29th April 2024, 8:42 am

ആ ചിത്രത്തിൽ ഭാവനയെ അത്തരത്തിൽ കാണിച്ചത് ഞാൻ ചെയ്ത വലിയ തെറ്റാണ്, പിന്നീട് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ ഒരുക്കിയ സൂപ്പർ ഹിറ്റ്‌ ചിത്രമാണ് നമ്മൾ. ജിഷ്ണു രാഘവൻ, സിദ്ധാർഥ് ഭാരതൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും ആദ്യത്തെ ചിത്രം കൂടിയായിരുന്നു നമ്മൾ.

ഇവരെ പോലെ തന്നെ നടി ഭാവനയുടെയും ആദ്യ ചിത്രമായിരുന്നു നമ്മൾ. ചിത്രത്തിൽ പവിഴം എന്ന തമിഴ് പെൺകുട്ടിയായിട്ടായിരുന്നു ഭാവന അഭിനയിച്ചത്. മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്ക് ഓവറിലായിരുന്നു ഭാവന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാൽ ചിത്രത്തിൽ ഭാവനയെ അത്തരത്തിൽ അഭിനയിപ്പിച്ചതിന് താൻ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംവിധായകൻ കമൽ പറയുന്നു. സത്യത്തിൽ അത് തനിക്ക് പറ്റിയ അപരാധമായിരുന്നുവെന്നും കമൽ പറഞ്ഞു.

പിന്നീട് സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിൽ റോസിയെന്ന കഥാപാത്രത്തെ റിയലായി തന്നെ അവതരിപ്പിച്ചപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞെന്നും കമൽ കൂട്ടിച്ചേർത്തു. കൗമുദി മുവീസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ അടക്കം ചെയ്തിട്ടുള്ള ഒരു അപരാധമാണത്. ഇന്ന് ചിലർ അത് ട്രോൾ ചെയ്യുന്നുമുണ്ട്. ഭാവന ആദ്യമായി സിനിമയിൽ വരുന്നത് ഞാൻ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിൽ പരിമളം എന്ന തമിഴ് പെൺകുട്ടിയായിട്ടാണ് ഭാവന അഭിനയിച്ചത്.

ആ പടത്തിനായി വെളുത്ത് തുടുത്ത് നല്ല സുന്ദരിയായ ഭാവനയെ ഞാൻ കറുപ്പൊക്കെ അടിപ്പിച്ച് അങ്ങനെ വേഷം കെട്ടിപ്പിച്ചാണ് അഭിനയിപ്പിച്ചത്. അതിന് ഒരുപാട് പഴി പോലും കേൾക്കേണ്ടി വന്നിട്ടുണ്ട്.

അതുകൊണ്ട് സെല്ലുലോയ്ഡിന്റെ ഷൂട്ടിന്റെ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു റിയലായിട്ട് നമുക്ക് തോന്നുന്ന രീതിയിൽ റോയായിട്ട് വന്ന ഒരു പെൺകുട്ടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന്. അത് അതിന്റെ ഒരു പ്രത്യേകതയായിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു,’കമൽ പറയുന്നു.

Content Highlight: Kamal Talk About Character Of Bhavana In Nammal Movie

We use cookies to give you the best possible experience. Learn more