കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സംവിധായകനാണ് കമൽ. കമൽ സംവിധാനം ചെയ്ത് വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു സെല്ലുലോയ്ഡ്.
ജെ.സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടാനും പൃഥ്വിക്ക് കഴിഞ്ഞിരുന്നു.
പൃഥ്വിയോട് ആദ്യമായി സിനിമയെ കുറിച്ച് പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് കമൽ. ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ ജെ.സി. ഡാനിയലിനെ കുറിച്ച് തനിക്ക് ശരിക്കും അറിയില്ലെന്നും താൻ ചെയ്താൽ കഥാപാത്രം ശരിയാകുമോയെന്നും പൃഥ്വി ചോദിച്ചെന്ന് കമൽ പറയുന്നു. ജെ.സി. ഡാനിയലിന്റെ ജീവിതത്തിൽ ഇത്രത്തോളം സംഭവങ്ങൾ ഉണ്ടെന്ന് പൃഥ്വി മനസിലാക്കിയത് അന്നാണെന്നും കമൽ പറഞ്ഞു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ അന്ന് പൃഥ്വിരാജിനെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു, ഞാൻ ജെ.സി. ഡാനിയലിന്റെ ബയോപിക് ചെയ്യാൻ പോവുന്നു, നിങ്ങളാണ് അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അത് കേട്ടപാടെ പൃഥ്വിരാജ് പറഞ്ഞു, അയ്യോ അദ്ദേഹത്തെ കുറിച്ച് എനിക്കറിയില്ല. ഞാൻ കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് നന്നായി അറിയില്ലായെന്ന്. ഞാൻ പറഞ്ഞു, ഞാൻ സ്ക്രിപ്റ്റ് ആയിട്ട് അടുത്തേക്ക് വരാമെന്ന്.
ഞാൻ ചെന്ന് സ്ക്രിപ്റ്റ് പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ രാജു പറഞ്ഞു, ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത്രത്തോളം സംഭവങ്ങളൊക്കെ ഉണ്ടായിരുന്നോയെന്ന്. അങ്ങനെയൊരു മനുഷ്യനാണോ ജെ. സി. ഡാനിയൽ. ഞാനിത് ചെയ്താൽ റെഡിയാവുമോയെന്ന് പൃഥ്വി ചോദിച്ചു.
ഞാൻ പറഞ്ഞു, നിങ്ങൾ ചെയ്താലേ ശരിയാവു. കാരണം ഇങ്ങനെയൊരു സിനിമയെടുക്കുമ്പോൾ അദ്ദേഹത്തിന് പത്തിരുപത്തെട്ട് വയസ്സേയുള്ളൂ. അന്ന് പൃഥ്വിരാജിനും അതേപ്രായമാണ്. അത്രയായിട്ടുണ്ടോ എന്നെനിക്കറിയില്ല. രാജുവിനെ പോലൊരു ചെറുപ്പക്കാരൻ തന്നെ വേണമായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കാൻ.
കാരണം ഞാൻ ഈ സിനിമയുടെ നിർമാതാവാണ്. എനിക്ക് വേറേ നിർമാതാവില്ല. അതുകൊണ്ട് ഞാൻ തരുന്ന പണം വാങ്ങിക്കണം, അതിന് തയ്യാറാണോ എന്ന് ചോദിച്ചു. രാജു കുറെ നേരം ചിരിച്ചിട്ട് എന്നോട് ചോദിച്ചു, സാർ മൊത്തത്തിൽ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന്,’ കമൽ പറഞ്ഞു.
Content Highlight: Kamal Talk About Celluloid Movie And Prithviraj