മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമൽ. ജയറാം, മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത എവർഗ്രീൻ പ്രണയ ചിത്രമായിരുന്നു കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ഇന്നും മലയാളികൾ റിപ്പീറ്റ് അടിച്ച് കാണുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിൽ ജയറാം അവതരിപ്പിച്ച വേഷത്തിലേക്ക് മോഹൻലാലിനെ വിചാരിച്ചിരുന്നുവെന്നും എന്നാൽ ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണമാണ് മോഹൻലാലിനെ കിട്ടാഞ്ഞതെന്നും കമൽ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് ഒരുപാട് ഓർമകൾ ഉള്ള, നല്ല പാട്ടുകളുള്ള, അതിലുപരി അതിമനോഹരമായ വിഷ്വൽസും, എന്റെ കരിയറിൽ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത്. അതിന്റെ കഥ രഞ്ജിത്തിന്റേതാണ്. രഞ്ജിത്തിന്റെ കഥ എന്ന് പറയുമ്പോൾ അത് ഞങ്ങൾ വേറെ പ്രോജക്ട് ആയിട്ട് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് ആയിരുന്നു.
രഞ്ജിത്ത് കഥ എഴുതാൻ ഇരുന്ന സബ്ജക്ട് ആയിരുന്നു അത്. അത് കെ.ടി.സിക്ക് വേണ്ടിയായിരുന്നു. അതൊരു മിലിറ്ററി ബാക്ഗ്രൗണ്ടിലായിരുന്നു ആദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ഒരു മിലിറ്ററി ഓഫീസറെ ഒരു പെൺകുട്ടിയെ അവിടെ വെച്ച് കാണുന്നു.
പെൺകുട്ടിയുടെ ബാക്ഗ്രൗണ്ടിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഇയാളെ ആ കുട്ടി അക്സെപ്റ്റ് ചെയ്യുന്നില്ല. അങ്ങനെ പോകുന്ന ഒരു മിലിറ്ററി ബാക്ഗ്രൗണ്ടിലുള്ള കഥയായിരുന്നു രഞ്ജിത്ത് എന്നോട് പറഞ്ഞിരുന്നത്.
ഞങ്ങളതിന് വർക്ക് ചെയ്തപ്പോൾ പല കാരണങ്ങൾ കൊണ്ടത് നീണ്ടുപോയി. പ്രോപ്പർ ആയിട്ട് ആക്ടറിലേക്ക് എത്താൻ പറ്റിയില്ല. മോഹൻലാലിനെ ഉദ്ദേശിച്ചിരുന്നു. ലാലിന്റെ ഡേറ്റിന്റെ പ്രശ്നമുള്ളതുകൊണ്ട് അതിലേക്ക് എത്തിയില്ല.
അതിനിടയിൽ രഞ്ജിത്ത് വേറെ സിനിമ എഴുതാൻ ആയിട്ട് പോയി. ആറാം തമ്പുരാൻ എന്ന് പറഞ്ഞ് ഏറ്റവും പ്രധാനപ്പെട്ട സിനിമ, അതിന്റെ കഥയുടെ ഡിസ്കഷൻ രഞ്ജിത്ത് പോയി കഴിഞ്ഞപ്പോൾ ഫ്രീ ആയില്ല. ആ പ്രോജക്ട് നടക്കാതെ പോയി,’ കമൽ പറഞ്ഞു.