| Sunday, 28th July 2024, 4:27 pm

ആ നടി ദേശീയ അവാർഡിന്റെ ഫൈനൽ റൗണ്ട് വരെ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം, ഒരു പക്ഷെ കിട്ടിയിരുന്നെങ്കിൽ..: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.

പുതുമുഖങ്ങളെ വെച്ച് കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി. സ്വന്തം വീട്ടില്‍ നിന്ന് സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം സാമ്പത്തികമായി വിജയം നേടിയില്ലായിരുന്നു. കമലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മഞ്ഞുപോലൊരു പെണ്‍കുട്ടി മാറി.

2004ൽ ദേശീയ അവാർഡിന് മഞ്ഞു പോലൊരു പെൺകുട്ടിയും പെരുമഴക്കാലവും അയച്ചിരുന്നുവെന്നും എന്നാൽ പെരുമഴകാലമാണ് അവാർഡ് നേടിയതെന്നും കമൽ പറഞ്ഞു. എന്നാൽ അവാർഡ് വാങ്ങാൻ പോയപ്പോൾ ജൂറി ചെയർമാൻ മഞ്ഞുപോലൊരു പെൺകുട്ടിയിലെ പ്രകടനത്തിന് നായികയായ അമൃത പ്രകാശ് അവസാന ഘട്ടം വരെയുണ്ടായിരുന്നുവെന്ന് പറഞ്ഞെന്നും കമൽ പറയുന്നു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2004ൽ തന്നെയാണ് എന്റെ മഞ്ഞു പോലൊരു പെൺകുട്ടിയും പെരുമഴക്കാലവും ഇറങ്ങുന്നത്. രണ്ട് പടവും ഞാൻ നാഷണൽ അവാർഡിന് അയച്ചിരുന്നു. അന്നത്തെ ജൂറിക്ക് രണ്ട് സിനിമയും നന്നായി ഇഷ്ടമായി. പക്ഷെ പെരുമഴക്കാലത്തിനാണ് അവർ അവാർഡ് കൊടുത്തത്.

പെരുമഴക്കാലത്തിന്റെ നാഷണൽ അവാർഡ് വാങ്ങിക്കാനായി ഞാൻ ഡൽഹിയിൽ ചെന്ന് കഴിഞ്ഞപ്പോൾ, ആ ജൂറി ചെയർമാൻ എന്നോട് സംസാരിച്ചിരുന്നു. അവാർഡ് വിതരണത്തിന് മുമ്പ് എല്ലാവരും ഒന്ന് കൂടിയിരുന്നു സംസാരിക്കാറുണ്ട്.

ആ സമയത്ത് ഞാൻ കമലാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ച് കൈയൊക്കെ തന്നു. അദ്ദേഹം പറഞ്ഞു, രണ്ട് പടങ്ങളും കണ്ടു, രണ്ടും നന്നായിട്ടുണ്ടെന്ന്. ഞങ്ങൾക്ക് ചില കാരണങ്ങളാൽ മഞ്ഞു പോലൊരു പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ കഴിഞ്ഞില്ല.

പക്ഷെ അതിൽ അഭിനയിച്ച അമൃത പ്രകാശ് എന്ന പെൺകുട്ടിക്ക് മികച്ച നടിക്കുള്ള അവാർഡിന് ലാസ്റ്റ് റൗണ്ട് വരെ ഉണ്ടായിരുന്നുവെന്നും, ഞാനത് പ്രത്യേകിച്ച് നോട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ ചില കാരണങ്ങളാൽ അന്നൊരു ബംഗാളി നടിക്കാണ് അവാർഡ് കൊടുത്തത്. അല്ലെങ്കിൽ അമൃത പ്രകാശ് എന്ന നായികക്ക് ആ സിനിമയിൽ അവാർഡ് കിട്ടേണ്ടതാണ്,’കമൽ പറഞ്ഞു.

Content Highlight: Kamal Talk About Amrutha Prakash And Manjupoloru Penkutty

We use cookies to give you the best possible experience. Learn more