| Friday, 26th April 2024, 9:55 am

അന്ന് വി.എഫ്.എക്സ് ഉണ്ടായിരുന്നുവെങ്കിൽ ആ വിമർശനം ഉണ്ടാവില്ലായിരുന്നു; തന്റെ ചിത്രത്തെ കുറിച്ച് കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ വ്യത്യസ്തമായ നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വേറിട്ട ചിത്രമായിരുന്നു ആയുഷ്ക്കാലം. ജയറാം, മുകേഷ്, സായി കുമാർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ആത്മാവിന്റെ കഥയായിരുന്നു പറഞ്ഞത്.

ഹൃദയം മാറ്റി വെക്കുന്നതിനെ പറ്റി സംസാരിച്ച സിനിമ അന്ന് അധികം പരീക്ഷിക്കപ്പെടാത്ത ഒരു വിഷയമായിരുന്നു. അങ്ങനെയൊരു ചിത്രം ഇന്ത്യയിൽ തന്നെ അപൂർവമായിരുന്നുവെന്നും വി. എഫ്. എക്സ് ഒന്നുമില്ലാത്ത കാലത്താണ് സിനിമ എടുത്തതെന്നും കമൽ പറയുന്നു. ഫിൽമി ബീറ്റിനോട് സംസാരിക്കുകയായിരുന്നു കമൽ.

‘അന്ന് അധികം ആളുകള്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു കഥയായിരുന്നു ആയുഷ്‌കാലത്തിന്റേത്. കാരണം അന്ന് ഹൃദയം മാറ്റിവെക്കുക എന്നത് ഇന്ത്യയില്‍ തന്നെ അപൂര്‍വമായിരുന്നു. അങ്ങനെ ഹൃയം മാറ്റിവെക്കപ്പെട്ട ഒരാള്‍ക്ക് ഹൃദയം തന്ന ആളുടെ ആത്മാവിനെ കാണാന്‍ സാധിക്കുന്നു. ആ ആത്മാവ് ഹൃദയം സ്വീകരിച്ച ആളെക്കൊണ്ട് റിവഞ്ച് ചെയ്യിക്കുന്നു. ഇതൊക്കെയായിരുന്നു ഞങ്ങള്‍ അതില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍.

ആ ആത്മാവിന് റിവഞ്ചിനോടൊപ്പം ഒരു കാര്യം കൂടി അറിയണമായിരുന്നു. എന്നെ ആരാണ് കൊന്നത്? എന്തിനാണ് കൊന്നത്? അതായിരുന്നു ആ സിനിമയില്‍ കഥാപരമായുള്ള പുതുമ. ഇന്നത്തെപ്പോലെ അന്ന് വി.എഫ്.എക്‌സ് ഒന്നും ഉണ്ടായിരുന്നില്ല.

അന്നത്തെ സാങ്കേതികവിദ്യയായിരുന്നു ഞങ്ങള്‍ ഉപയോഗിച്ചത്. ടെക്‌നിക്കല്‍ ക്യാമറ ഉപയോഗിച്ചായിരുന്നു ചില സീനുകള്‍ ഷൂട്ട് ചെയ്തത്. അന്നത്തെ കാലത്ത് അതുപോലെ ഒരു സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം. എന്നാല്‍ അത് ഒരു ബ്രഹ്‌മാണ്ഡ സിനിമയൊന്നും അല്ല. ഹ്യൂമറിന്റെ ബാക്ക്ഗ്രൗണ്ടിലൂടെയാണ് കഥ പറയുന്നത്.

പക്ഷേ അന്ന് കേട്ട ഒരു വിമര്‍ശനമായിരുന്നു, പ്രേതത്തിന് നിഴലുണ്ടോ എന്ന്. ജയറാം പലപ്പോഴും നടന്ന് പോവുമ്പോള്‍ നിഴല് കാണുന്നുണ്ടായിരുന്നു. അതൊരു വിമര്‍ശനമായി പലരും പറഞ്ഞിരുന്നു. ഇന്നായിരുന്നെങ്കില്‍ അത് വി.എഫ്.എക്‌സില്‍ ശെരിയാക്കാമായിരുന്നു. പകല്‍സമയത്തും പുറത്തിറങ്ങി നടക്കുന്ന പ്രേതമായിരുന്നു സിനിമയില്‍. അപ്പോ എങ്ങനെയായലും നിഴല് കാണും.

സണ്‍ലൈറ്റ് നമുക്ക് കട്ട് ചെയ്യാന്‍ പറ്റിലല്ലോ, അന്ന് നിഴലിന്റെ കാര്യം ചോദിച്ചവര്‍ക്ക് ഞാന്‍ പറഞ്ഞ മറുപടി, എന്റെ പ്രേതത്തിന് നിഴലുണ്ട് എന്നാണ്. നിഴലില്ലാത്ത പ്രേതത്തിനെ കാണിച്ചുതരാന്‍ അവരോട് പറഞ്ഞു. അങ്ങനെയാണ് അത് നിന്നത്’ കമല്‍ പറഞ്ഞു

Content Highlight: Kamal Talk About Aayushkalam Movie Making

We use cookies to give you the best possible experience. Learn more