| Thursday, 4th July 2019, 10:58 pm

മതംമാറികളെ നിരീക്ഷണത്തില്‍ വെക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിലാണ് ബുദ്ധിയെന്ന് പ്രൊഫ. പി കോയ; പടച്ചവന്റെ പണി സ്വയം ഏറ്റെടുക്കരുതെന്ന് കമല്‍ സി നജ്മല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇസ്‌ലാമിലേക്കുള്ള മതംമാറ്റം ആഘോഷിക്കേണ്ടതില്ലെന്ന വാദവുമായി തേജസ് ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്റര്‍ പ്രൊഫസര്‍ പി കോയ. കമല്‍ സി നജ്മലിന്റെ മതം മാറ്റവുമായി ബന്ധപ്പെട്ടാണ് കോയയുടെ പ്രതികരണം.

ചെറിയ തോതില്‍ പ്രശസ്തരായവര്‍ വരെ അപകര്‍ഷതാബോധം മൂലം ഇസ്‌ലാമിലേക്ക് വരുമ്പോള്‍ അതില്‍ ആവേശം കൊള്ളുകയാണെന്ന് കോയ ആരോപിച്ചു. കൊല്ലം ജിലയിലെ ചവറയില്‍ നിന്നുള്ള ഒരാള്‍ ഇസ്‌ലാമിലേയ്ക്ക് വന്നപ്പോള്‍ അത് ഒരു സംഭവമാക്കാന്‍ മുസ്‌ലിം കേരളം ശ്രമിച്ചിരുന്നെന്നും കോയ വിമര്‍ശിച്ചു.

കമല്‍ സി നജ്മലിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു പി കോയയുടെ ഫേസ്ബുക്ക് പോസ്റ്റ്. അത്തരം മതംമാറികളെ നിരീക്ഷണത്തില്‍ വെക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിലാണ് ബുദ്ധിയെന്നും കോയ ഫേസ്ബുക്കില്‍ പറഞ്ഞു.

എന്നാല്‍ പടച്ചവന്റെ പണി സ്വയം ഏറ്റെടുക്കരുത് എന്നായിരുന്നു കമല്‍ സി നജ്മല്‍ കോയയുടെ പോസ്റ്റിനോട് പ്രതികരിച്ചത്.

‘സഹോദരാ ഹാദിയക്ക് എസ്.ഡി.പി.ഐ നല്‍കിയ പിന്തുണ, പോപ്പുലര്‍ ഫ്രണ്ട് എടുക്കുന്ന നിലപാടുകള്‍ ഇതിനോടൊക്കെയുള്ള അസ്വസ്ഥത ആണോ ഇത്. ഇസലാമിലേക്ക് വരാനുള്ള വഴി പടച്ചോനും വരുന്നയാളും തമ്മിലുള്ള സംവേദനമാണ്. അത് പുറത്തേക്ക് പോവുന്നതായാലും’ കമല്‍ സി പറഞ്ഞു.

അതേസമയം, വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു ശേഷം കോയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

പി കോയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മതം മാറ്റം ആഘോഷിക്കണമോ???

പലരും പല കാരണങ്ങളാല്‍ ഇസ്‌ലാം സ്വീകരിക്കാറുണ്ട്. പണം, തൊഴില്‍, പ്രേമം, ഗാര്‍ഹിക പീഡനം, കാമം, പ്രതിരോധം, ഇസ്‌ലാമിന്റെ സവിശേഷമായ ഗുണങ്ങള്‍ ബൗദ്ധികമായി അത് നല്‍കുന്ന സംതൃപ്തി, അതിന്റെ സ്ഫുടത അങ്ങിനെ പലതും മതം മാറ്റത്തിനുള്ള പശ്ചാത്തലമാവും. ചിലര്‍ രണ്ടാം വിവാഹത്തിനു നിയമ സാധുത കിട്ടാന്‍ വരെ ഇസ്‌ലാമിലേയ്ക്ക് വന്നു പോകും.

ഇപ്പോള്‍ ബി.ജെ.പി എം.പിയോ മറ്റോ ആയ ഹേമാമാലിനി ധര്‍മേന്ദ്രയുമായുള്ള നിക്കാഹിന് പേരിനു മതം മാറിയത്രെ. സാധാരണഗതിയില്‍ അതൊന്നും വലിയ തോതില്‍ ആഘോഷിക്കേണ്ടതല്ല. എന്നാല്‍ പലപ്പോഴും പലരും അപകര്‍ഷബോധം മൂലമാവും, ചെറിയ തോതില്‍ പ്രശസ്തരായവര്‍ വരെ ഇസ്‌ലാമിലെയ്ക്ക് വരുമ്പോള്‍ അതില്‍ ആവേശം കൊള്ളുന്നു.

കൊല്ലം ചവറയില്‍ നിന്നുള്ള വലിയ എഴുത്തുകാരനോ നാടകകൃത്തോ ഒന്നുമല്ലാത്ത ഒരു വിദ്വാന്‍ ഇസ്‌ലാമിലേയ്ക്ക് വന്നപ്പോള്‍ അത് ഒരു സംഭവമാക്കാന്‍ മുസ്‌ലിം കേരളം ശ്രമിച്ചിരുന്നു. അയാള്‍ തന്നെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധമോ നിരാശയോ പ്രകടിപ്പിക്കുന്ന വാക്കുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അത്തരം അമിത പ്രതികരണത്തിന്റെ അര്‍ത്ഥമില്ലായ്മ നമ്മുക്ക് ബോധ്യമാകും. അതിനാല്‍ അത്തരം മതം മാറികളെ നിരീക്ഷണത്തില്‍ വെക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിലാണ് ബുദ്ധി.

We use cookies to give you the best possible experience. Learn more