മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 36 വര്‍ഷത്തെ കരിയറില്‍ 40ഓളം സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഒരിടവേളക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വിവേകാനന്ദന്‍ വൈറലാണ്. തന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ നായകന്‍. ഷൈന്‍ ടോമിന്റെ നൂറാമത്തെ സിനിമ കൂടിയാണ് ഇത്. ഷൈന്‍ ആദ്യമായി അഭിനയിച്ച ഗദ്ദാമയുടെ സംവിധായകനും കമല്‍ തന്നെ.
എങ്ങനെയാണ് ഷൈനിനെ അസിസ്റ്റന്റ് ആക്കിയതെന്നും അത് കഴിഞ്ഞ് ഗദ്ദാമയിലേക്ക് തെരഞ്ഞെടുത്തതെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല്‍. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. ‘ഷൈന്‍ ആദ്യം എന്റെയടുത്ത് ചാന്‍സ് ചോദിച്ചു വരുമ്പോള്‍ അവന്‍ പ്ലസ് ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അവന് അസിസ്റ്റന്റ് ആയി അവസരം കൊടുത്തു.
ഞാന്‍ അവനില്‍ ആ സമയത്ത് കണ്ട പോസിറ്റീവ് എന്താണെന്ന് വെച്ചാല്‍ നല്ല ഒബ്‌സര്‍വേഷനും പ്രസന്‍സ് ഓഫ് മൈന്‍ഡും ഉണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ ഒരു ഷോട്ട് എടുക്കുമ്പോള്‍ ആരെങ്കിലും ഫീല്‍ഡിലേക്ക് കയറി വന്നാല്‍ അത് ഷൂട്ടിന് തടസമില്ലാതെ ഡീല്‍ ചെയ്യാന്‍ അവന് അറിയാം. അതുപോലെ ഏതെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ക്യാമറയിലേക്ക് നോക്കുമ്പോ അവരുടെ നോട്ടം ഷൈന്‍ ഡൈവര്‍ട്ട് ചെയ്യിക്കുന്നത് ഞാന്‍ കാണാറുണ്ട്.
അവന്‍ നല്ല ഡയറക്ടറാകുമെന്ന് എനിക്ക് അപ്പോള്‍ തോന്നി. എന്നാല്‍ അവന് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ അവന്‍ കുറച്ചു കാലം കഴിഞ്ഞ് ആഷിക് അബുവിന്റെ കൂടെ ഡാഡി കൂളില്‍ അസിസ്റ്റന്റായി. പിന്നീട് ഡാ തടിയയുടെ ഷൂട്ട് ഒക്കെ തീര്‍ന്ന ശേഷം കുറച്ചു കഴിഞ്ഞാണ് ഞാന്‍ അവനെ കാണുന്നത്. അപ്പോള്‍ ഷൈന്‍ മുടിയും താടിയുമൊക്കെ വളര്‍ത്തിയിട്ടുള്ള ലുക്കിലായിരുന്നു. അത് കണ്ടപ്പോള്‍ ഗദ്ദാമയിലെ റോള്‍ ഷൈന്‍ ചെയ്താല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ഷൈന്‍ എന്റെ സിനിമയില്‍ അഭിനയിക്കുന്നത്’ കമല്‍ പറഞ്ഞു.
ഷൈന്‍ ടോമിനെക്കൂടാതെ സ്വാസിക, ഗ്രേസ് ആന്റണി, ജോണി ആന്റണി, മെറീനാ മൈക്കിള്‍, വിനീത് തട്ടില്‍, ശരത് സഭ എന്നിവരാണ് വിവേകാനന്ദന്‍ വൈറലാണിലെ മറ്റ് താരങ്ങള്‍. ചിത്രം ജനുവരി 19ന് തിയേറ്ററുകളിലെത്തും.
Content Highlight: Kamal speaks that why he select Shine Tom Chacko for Gaddama