മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സ്വതന്ത്ര സംവിധായകനായത്. 35 വര്‍ഷത്തെ സിനിമാ കരിയറില്‍ 50ഓളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു. കമലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വപ്‌നക്കൂട്. അന്നത്തെ പ്രധാന യുവതാരങ്ങളായ പൃഥ്വിരാജും, ജയസൂര്യയും, കുഞ്ചാക്കോ ബോബനുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍.
സ്വപ്‌നക്കൂടിന്റെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കമല്‍. പോണ്ടിച്ചേരിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നും ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്റെ പിതാവ് മരണപ്പെട്ടതുകൊണ്ട് ഒരു മാസം ബ്രേക്ക് എടുക്കേണ്ടി വന്നെന്നും കമല്‍ പറഞ്ഞു. പിന്നീട് ബ്രേക്ക് കഴിഞ്ഞ് വന്നപ്പോള്‍ കുഞ്ചാക്കോ ബോബന് ചിക്കന്‍ പോക്‌സ് പിടിപെട്ടെന്നും മൂന്ന് പേരുമുള്ള കോമ്പിനേഷന്‍ സീനുകള്‍ എടുക്കാന്‍ പറ്റാത്തതുകൊണ്ട് വീണ്ടും ബ്രേക്ക് എടുത്തെന്നും കമല്‍ പറഞ്ഞു.
വീണ്ടും ഷൂട്ട് തുടങ്ങിയപ്പോള്‍ ജയസൂര്യക്ക് ചിക്കന്‍ പോക്‌സ് പിടിച്ചെന്നും മൂന്നാമതും ബ്രേക്ക് എടുത്തെന്നും കമല്‍ പറഞ്ഞു. ഇതൊക്കെ കണ്ടപ്പോള്‍ അടുത്തത് തനിക്ക് ചിക്കന്‍ പോക്‌സ് പിടിക്കുമോ എന്ന് ആലോചിച്ച് പൃഥ്വിക്ക് ടെന്‍ഷനായെന്നും ആ ടെന്‍ഷന്‍ വെച്ചാണ് പൃഥ്വി ബാക്കി സീനുകളില്‍ അഭിനയിച്ചെതന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
‘പോണ്ടിച്ചേരിയിലായിരുന്നു സ്വപ്‌നക്കൂടിന്റെ ഷൂട്ട് നടന്നത്. അതിന് മുമ്പ് മലയാള സിനിമ അങ്ങനെ പോണ്ടിച്ചേരിയില്‍ ഷൂട്ട് ചെയ്തിട്ടില്ല. എല്ലാ ആര്‍ട്ടിസ്റ്റുകളും കൂടി പോണ്ടിച്ചേരിയിലെത്തി ഷൂട്ട് തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഫോണ്‍ വന്നു. പിന്നീട് അച്ഛന്‍ മരണപ്പെട്ടു എന്ന വാര്‍ത്തയറിഞ്ഞു. ഒരു മാസത്തേക്ക് ഷൂട്ടിന് ബ്രേക്ക് നല്‍കി ഞാന്‍ നാട്ടില്‍ പോയി.
ഒരു മാസം കഴിഞ്ഞ് വീണ്ടും ഷൂട്ട് തുടങ്ങിയപ്പോള്‍ കുഞ്ചാക്കോ ബോബന് ചിക്കന്‍ പോക്‌സ് പിടിച്ചു. മൂന്ന് പേരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ് എടുക്കേണ്ടത്. അത് എടുക്കാന്‍ പറ്റാത്ത കാരണം വീണ്ടും ബ്രേക്ക് പറഞ്ഞു. ചാക്കോച്ചന്റെ ഹെല്‍ത്ത് ഒക്കെ ഓക്കെയായി വീണ്ടും ഷൂട്ട് തുടങ്ങിയപ്പോള്‍ ജയസൂര്യക്ക് ചിക്കന്‍ പോക്‌സ് പിടിച്ചു. മൂന്നാമതും ബ്രേക്ക് പറഞ്ഞു.
പിന്നെ ഷൂട്ട് തുടങ്ങിയപ്പോള്‍ പൃഥ്വിക്ക് ടെന്‍ഷനായി. ഇനി ചിക്കന്‍ പോക്‌സ് പിടിക്കാന്‍ രാജു മാത്രമേ ബാക്കിയുള്ളൂ. ആ സിനിമയില്‍ പിന്നീടങ്ങോട്ട് ടെന്‍ഷനടിച്ചാണ് പൃഥ്വി അഭിനയിച്ചത്. എന്തോ ഭാഗ്യത്തിന് പിന്നീട് ഷൂട്ട് തീരുന്നതുവരെ സെറ്റിലെ ആര്‍ക്കും ചിക്കന്‍ പോക്‌സ് വന്നില്ല,’ കമല്‍ പറഞ്ഞു.
Content Highlight: Kamal shares the shooting experience of Swapnakoodu movie