മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.
കമലിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’. പുതുമുഖങ്ങളെ വെച്ച് ചെയ്ത ചിത്രം സാമ്പത്തികമായി വലിയ ശ്രദ്ധ നേടിയിരുന്നില്ല. മലയാളത്തില്‍ അക്കാലത്ത് ചൈല്‍ഡ് അബ്യൂസിനെ പ്രമേയമാക്കി ഇറങ്ങിയ സിനിമയായിരുന്നു അതെന്നും അന്ന് ആളുകള്‍ക്ക് അത്ര അക്‌സപ്റ്റ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നും കമല്‍ പറഞ്ഞു.
തന്റെ സിനിമകള്‍ കാണാന്‍ ഏറ്റവും കൂടുതലായി വന്നിരുന്നത് സ്ത്രീ പ്രേക്ഷകരായിരുന്നെന്നും സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞതും നായിക നേരിട്ട അബ്യൂസ് കണ്ട് പലരും ഷോക്കായെന്നും കമല്‍ പറഞ്ഞു. സിനിമ കണ്ടിട്ട് പലരും തന്നെ വിളിച്ചെന്നും തന്റെയടുത്ത് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
‘2004ല്‍ ഞാന്‍ സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി. നായകനും നായികയും എല്ലാം പുതുമുഖങ്ങളായിരുന്നു. ടീനേജ് പ്രായത്തെ ആസ്പദമാക്കി ചെയ്ത സിനിമയായിരുന്നു അത്. ചൈല്‍ഡ് അബ്യൂസായിരുന്നു ആ സിനിമയുടെ പ്രധാന തീം. അക്കാലത്ത് എന്റെ സിനിമ കാണാന്‍ വന്നിരുന്നത് കൂടുതലും സ്ത്രീകളായിരുന്നു. സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞതും അവര്‍ക്കെല്ലാം ഷോക്കായി.
കാരണം, അതുവരെ ചൈല്‍ഡ് അബ്യൂസ് എന്ന തീം മലയാളത്തില്‍ വന്നിരുന്നില്ല. അന്ന് അങ്ങനെയുള്ള കാര്യമൊന്നും ആരും പുറത്ത് പറയുകയും ചെയ്യുന്നുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്താണല്ലോ ചൈല്‍ഡ് അബ്യൂസിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. 20 വര്‍ഷം മുമ്പ് സ്വന്തം വീട്ടില്‍ ഒരു കുട്ടി ഇത്തരത്തില്‍ ഒരു അബ്യൂസ് നേരിടുണ്ടെന്ന് കാണിച്ചത് ആര്‍ക്കും അക്‌സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല.
പല സ്ത്രീകളും എന്നെ വിളിച്ചിട്ട് ‘കമലിന്റെയടുത്ത് നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല’ എന്ന് പറഞ്ഞിരുന്നു. എല്ലാവരും ഇങ്ങനെയേ പ്രതികരിക്കുള്ളൂ എന്ന് നേരത്തെ എനിക്ക് അറിയാമായിരുന്നു,’ കമല്‍ പറഞ്ഞു.
Content Highlight: Kamal shares the memory about Manjupoloru Penkutti movie