മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സ്വതന്ത്ര സംവിധായകനായത്. 35 വര്‍ഷത്തെ സിനിമാ കരിയറില്‍ 50ഓളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു. കമലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വപ്‌നക്കൂട്. അന്നത്തെ പ്രധാന യുവതാരങ്ങളായ പൃഥ്വിരാജും, ജയസൂര്യയും, കുഞ്ചാക്കോ ബോബനുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍.
ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രീകരിച്ചത് ഓസ്ട്രിയയിലും സ്വിറ്റ്‌സര്‍ലണ്ടിലുമായിരുന്നു. സിനിമയിലെ ആദ്യ ഗാനമായ കറുപ്പിനഴക് വിയന്നയിലെ ഗ്രാമത്തിലാണ് ഷൂട്ട് ചെയ്തത്. ലോകപ്രശസ്ത സംഗീതജ്ഞനായ ബീഥോവന്റെ നാടായിരുന്നു അതെന്നും സിനിമയുടെ ഷൂട്ട് നടത്തുമ്പോള്‍ ആ ഗ്രാമത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിയില്ലായിരുന്നെന്നും കമല്‍ പറഞ്ഞു.
ആര്‍ട്ടിസ്റ്റുകള്‍ ഡാന്‍സ് ചെയ്യുന്നത് താന്‍ ക്യാമറയില് പകര്‍ത്തിക്കൊണ്ടിരുന്നപ്പോള്‍ ആ ഗ്രാമത്തിലെ ഒരു പാട്ടുകാരന്‍ തന്റെയടുത്തേക്ക് വന്നിട്ട് ഇത് ബീഥോവന്‍ ജീവിച്ച ഗ്രാമമാണെന്നും ഇവിടെ നിന്ന് ഇത്തരം കോപ്രായം കാണിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും തന്നോട് പറഞ്ഞുവെന്നും കമല്‍ പറഞ്ഞു. താന്‍ അതുകേട്ട് വല്ലാതായെന്നും പിന്നീട് എല്ലാ ലൊക്കേഷനില്‍ പോകുമ്പോഴും ആ സ്ഥലത്തിന്റെ പെരുമക്ക് കോട്ടം തട്ടുന്ന ഒന്നും ചെയ്തിട്ടില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
‘സ്വപ്‌നക്കൂടിലെ ആദ്യത്തെ പാട്ട് കറുപ്പിനഴക് ഷൂട്ട് ചെയ്തത് ഓസ്ട്രിയയിലെ വിയന്ന എന്ന സ്ഥലത്തായിരുന്നു. അവിടുത്തെ ഒരു ഗ്രാമത്തില്‍ ഞങ്ങള്‍ ഷൂട്ടിന് ചെന്നു. അനുവദിച്ച സമയം തീരുന്നതിന് മുന്നേ ഷൂട്ട് തീര്‍ക്കാനായിരുന്നു പ്ലാന്‍. അതുകൊണ്ട് എല്ലാം വളരെ പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ നോക്കി. ഭവനയും മീരാ ജാസ്മിനും ഡാന്‍സ് ചെയ്യുമ്പോള്‍ അവര്‍ക്ക് വേണ്ട ഇന്‍സ്ട്രക്ഷന്‍സ് ഞാന്‍ മൈക്കില്‍ കൂടെ പറയുകയായിരുന്നു.
ഈ സമയം ആ ഗ്രാമത്തില്‍ തെരുവില്‍ പാട്ടുപാടുന്ന ഒരാള്‍ ഷൂട്ട് നോക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ആദ്യം അയാളെ കാര്യമാക്കിയില്ല. ഷൂട്ട് തീര്‍ന്നപ്പോള്‍ അയാള്‍ എന്റെയടുത്തേക്ക് വന്നിട്ട് ‘ഇത് ബീഥോവന്‍ ജീവിച്ച ഗ്രാമമാണ്, ഇവിടെ ഓരോ ആളുകളും ബീഥോവന്റെ സംഗീതത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നവരാണ്. അങ്ങനെയുള്ള സ്ഥലത്ത് വന്നിട്ടാണ് നിങ്ങള്‍ ഈ കോപ്രായം കാണിക്കുന്നത്’ എന്ന് പറഞ്ഞു.
ഇത് കേട്ടതും ഞാന്‍ വല്ലാതായി. പെട്ടെന്ന് പാക്കപ്പ് പറഞ്ഞ് തിരികെ പോന്നു. പിന്നീട് ഏത് സ്ഥലത്ത് ഷൂട്ടിന് പോയാലും ആ സ്ഥലത്തിന്റെ പെരുമക്ക് ദോഷം വരുന്ന രീതിയില്‍ ഒന്നും ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. യൂണിറ്റിലെ എല്ലാവരോടും ഞാനിത് പറഞ്ഞിട്ടുമുണ്ട്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal shares the incident happened in song shooting of Swapnakoodu in Austria