| Monday, 12th August 2024, 11:33 am

ശ്രീനിവാസന്‍ അല്ലാതെ വേറെ ആര് അങ്ങനെ പറഞ്ഞാലും മമ്മൂട്ടി അയാളെ അടിച്ചേനെ: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് കമല്‍- ശ്രീനിവാസന്‍ കോമ്പോ. പാവം പാവം രാജകുമാരന്‍, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ് എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിലൂടെ മലയാളികള്‍ക്ക് ലഭിച്ചു. മഴയെത്തും മുമ്പേയുടെ വന്‍ വിജയത്തിന് ശേഷം കമല്‍, ശ്രീനിവാസന്‍ മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച സിനിമയാണ് അഴകിയ രാവണന്‍.

കോടീശ്വരനായ ശങ്കര്‍ദാസും, നോവലിസ്റ്റ് അംബുജാക്ഷനും, കരയോഗം പ്രസിഡന്റുമെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കമല്‍. പൊങ്ങച്ചക്കാരനായ മുതലാളിയുടെ കഥ എന്ന ആശയത്തില്‍ നിന്നാണ് ശ്രീനി ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് കമല്‍ പറഞ്ഞു.

അതുവരെ ഗൗരവമുള്ള വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന മമ്മൂട്ടി ഇത്തരമൊരു കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മോഹന്‍ലാല്‍ ചെയ്താല്‍ ഈ കഥക്ക് ഒരു പുതുമയും ഉണ്ടാകില്ലെന്നും മമ്മൂട്ടി ചെയ്യുന്നതാണ് പുതുമയെന്നുമാണ് ശ്രീനിവസാന്‍ പറഞ്ഞ മറുപടിയെന്ന് കമല്‍ പറഞ്ഞു. ശങ്കര്‍ദാസിന്റെ പൊങ്ങച്ചം മമ്മൂട്ടിക്കുമുണ്ടല്ലോ എന്ന് ശ്രീനിവാസന്‍ തന്നോട് അപ്പോള്‍ പറഞ്ഞിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ലൊക്കേഷനില്‍ വെച്ച് ഈ കാര്യം ശ്രീനിവാസന്‍ മമ്മൂട്ടിയോട് പറഞ്ഞുവെന്നും അങ്ങനെ പറയാന്‍ ശ്രീനിക്ക് മാത്രമേ കഴിയുള്ളൂവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ശ്രീനിവാസനല്ലാതെ വേറെ ആരെങ്കിലും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മമ്മൂട്ടി അവരെ തല്ലിയേനെ എന്നും കമല്‍ പറഞ്ഞു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

‘അഴകിയ രാവണന്‍ എന്ന സിനിമയുടെ ഡിസ്‌കഷന്‍ നടക്കുന്ന സമയത്ത് ശങ്കര്‍ദാസ് എന്ന കഥാപാത്രം ആര് ചെയ്യുമെന്ന ചോദ്യം ഉയര്‍ന്നുവന്നു. മമ്മൂട്ടിയാണെങ്കില്‍ അതുവരെ സീരിയസായിട്ടുള്ള റോള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. ഇതുപോലെ ഫണ്ണിയായിട്ടുള്ള റോള്‍ ചെയ്താല്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. മോഹന്‍ലാല്‍ ചെയ്താല്‍ പോരെ എന്ന് പലരും ചോദിച്ചു.

അതിന് ശ്രീനി കൊടുത്ത മറുപടി ‘മോഹന്‍ലാല്‍ ഈ റോള്‍ ചെയ്താല്‍ ഒരു പുതുമയുണ്ടാകില്ല, മമ്മൂട്ടിയാണ് ചെയ്യുന്നതെങ്കില്‍ ഒരു പുതുമയുണ്ടാകും’ എന്നാണ്. പിന്നീട് എന്റെയടുത്ത് വന്നിട്ട് ‘ശങ്കര്‍ദാസിന്റെ പൊങ്ങച്ചം റിയല്‍ ലൈഫില്‍ മമ്മൂട്ടിക്കുമുണ്ടല്ലോ’ എന്ന തമാശയായി ശ്രീനി പറഞ്ഞു. ഇക്കാര്യം ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയോടും ശ്രീനി പറഞ്ഞു. വേറെ ആരെങ്കിലുമാണ് പറഞ്ഞതെങ്കില്‍ മമ്മൂട്ടി അയാളെ അടിച്ചേനെ. ശ്രീനിക്ക് മാത്രമേ മമ്മൂട്ടിയോട് അങ്ങനെ പറയാന്‍ പറ്റുള്ളൂ.

Content Highlight: Kamal shares the comment by Sreenivasan about Mammootty during Azhakiya Ravanan movie

Latest Stories

We use cookies to give you the best possible experience. Learn more