വെറുമൊരു പത്രകട്ടിങ്ങില്‍ നിന്നാണ് ആ സിനിമയുടെ കഥ ലഭിക്കുന്നത്, ഒരുപാട് അവാര്‍ഡും അതിന് ലഭിച്ചു: കമല്‍
Entertainment
വെറുമൊരു പത്രകട്ടിങ്ങില്‍ നിന്നാണ് ആ സിനിമയുടെ കഥ ലഭിക്കുന്നത്, ഒരുപാട് അവാര്‍ഡും അതിന് ലഭിച്ചു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th April 2024, 8:15 pm

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. കമല്‍ സംവിധാനം ചെയ്ത സിനിമകളില്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമകളിലൊന്നാണ് 2004ല്‍ റിലീസായ പെരുമഴക്കാലം.

ചിത്രത്തിന്റെ കഥ ഉണ്ടായ അനുഭവം കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പങ്കുവെച്ചു. താനും ടി.എ റസാഖും ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു പെരുമഴക്കാലമെന്നും ഒരു പത്രക്കട്ടിങ്ങില്‍ നിന്നാണ് സിനിമയുടെ കഥ റസാഖിന് ലഭിച്ചതെന്നും കമല്‍ പറഞ്ഞു. തന്റെ സിനിമ കരിയറില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ച സിനിമകളില്‍ ഒന്നാണ് പെരുമഴക്കാലമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

‘പെരുമഴക്കാലം ചെയ്യുന്നതിന് മുന്നത്തെ വര്‍ഷം എനിക്കും ടി.എ റസാഖിനും സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. വെവ്വേറെ സിനിമകള്‍ക്കായിരുന്നു അന്ന് അവാര്‍ഡ് ലഭിച്ചത്. അന്ന് റസാഖ് എന്നോട് ചോദിച്ചത്, ‘കുഞ്ഞാക്കാ, ഇക്കൊല്ലം എനിക്കും നിങ്ങള്‍ക്കും വേറെ വേറെ സിനിമകള്‍ക്ക് അവാര്‍ഡ് കിട്ടി. അടുത്ത വര്‍ഷം നമ്മള്‍ ഒരുമിക്കുന്ന സിനിമക്ക് രണ്ടുപേര്‍ക്കും അവാര്‍ഡ് വാങ്ങണമെന്ന്. പറ്റിയ ഒരു കഥ ഉണ്ടായാല്‍ ചെയ്യാമെന്ന് ഞാനും പറഞ്ഞു.

ഒന്നുരണ്ട് മാസം കഴിഞ്ഞ് റസാഖ് എന്റെയടുത്ത് വന്നിട്ട് ഒരു പത്രക്കട്ടിങ് കാണിച്ചു. സൗദിയില്‍ വെച്ച് ഒരാളെ കൊന്ന ശ്രീലങ്കക്കാരന്റെ കഥയായിരുന്നു ആ വാര്‍ത്തയില്‍. അയാളെ രക്ഷിക്കാന്‍ വേണ്ടി മരിച്ചയാളുടെ കുടുംബത്തിന്റയടുത്ത് മാപ്പ് ചോദിച്ച് വരുന്നതൊക്കെ ആ വാര്‍ത്തയിലുണ്ടായിരുന്നു. അത് ഞാന്‍ വായിച്ചു കഴിഞ്ഞ ശേഷം റസാഖ് എന്നോട്, ഇതിലൊരു സിനിമക്കുള്ള കഥയില്ലേ എന്ന് ചോദിച്ചു. ഉണ്ടന്ന് ഞാന്‍ പറഞ്ഞു.

ശ്രീലങ്കക്കാരന്‍ എന്നുള്ളത് ഒരു മലയാളിയാക്കി. മരിച്ചയാളും കൊന്നയാളും മലയാളി. മാപ്പ് ചോദിച്ചു ചെല്ലുന്ന പെണ്‍കുട്ടി കല്ലായിപ്പുഴയുടെ തീരത്ത് ജനിച്ചു വളര്‍ന്നയാളും മാപ്പ് നല്‍കേണ്ട പെണ്‍കുട്ടി കല്പാത്തിപ്പുഴയുടെ തീരത്ത് ജനിച്ചുവളര്‍ന്നയാളും എന്ന രീതിയില്‍ ഒരു ത്രെഡ് ഉണ്ടാക്കി. അതിനെ ഒരു സ്‌ക്രിപ്റ്റിന്റെ രൂപത്തിലാക്കി വളരെ ചെറിയ ബജറ്റില്‍ ചെയ്തുതീര്‍ത്തു. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ആ സിനിമക്ക് കിട്ടി,’ കമല്‍ പറഞ്ഞു.

Content Highlight: Kamal shares how he comes to the story of Perumazhakkalam