| Sunday, 3rd March 2024, 3:04 pm

ഗുണാ കേവില്‍ നിന്ന് കിട്ടിയ തലയോട്ടി ഞാന്‍ വേറൊരു സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന കഥയാണ് സിനിമയുടേത്. 1991ല്‍ പുറത്തിറങ്ങിയ ഗുണാ എന്ന കമല്‍ ഹാസന്‍ സിനിമയുടെ റഫറന്‍സ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉണ്ട്.

സിനിമ കണ്ട കമല്‍ ഹാസനും ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിച്ച് അഭിനന്ദിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് ടീമുമായി കമല്‍ ഹാസന്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ കമലിന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ്കമല്‍ ഫിലിംസിന്റെ യൂട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഗുണയുടെ ഷൂട്ടിങ് അനുഭവം കമലും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അനുഭവം ചിത്രത്തിന്റെ ടീമും പങ്കുവെച്ചു.

‘എനിക്ക് സിനിമ വളരെ ഇഷ്ടമായി. കമല്‍ ഹാസന് നന്ദി പറഞ്ഞതുകൊണ്ട് മാത്രമല്ല ഇത്. അതുപോലെ കണ്മണീ എന്ന പാട്ട് സിനിമയില്‍ ഉപയോഗിച്ചതും ഇഷ്ടമായി. പ്രണയത്തിനുവേണ്ടി ചെയ്ത പാട്ട് ഫ്രണ്ട്ഷിപ്പിനും ഉപയോഗിച്ചത് നന്നായിരുന്നു. ഫ്രണ്ട്ഷിപ്പും ഒരുതരത്തില്‍ സ്‌നേഹമാണല്ലോ. നിങ്ങള്‍ ആ കേവിനകത്ത് നിന്ന് ഷൂട്ട് ചെയ്തതും ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അതിനുള്ളില്‍ വര്‍ക്ക് ചെയ്തത് ഓര്‍മ വന്നു.

ആ ഗുഹയിലെ പാറകള്‍ക്ക് അധികം പ്രായമില്ല. റോക്ക് ക്ലൈംബിങിന് ഒരിക്കലും പറ്റാത്ത പാറയാണത്. അവിടെയുള്ള ചെമ്പകനാടാറിന്റെ പ്രതിമയെപ്പറ്റി നിങ്ങള്‍ മെന്‍ഷന്‍ ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചു. അതുപോലെ ആ ഗുഹക്കകത്ത് നിന്ന് കിട്ടിയ കുരങ്ങുകളുടെ തലയോട്ടി ഇപ്പോഴും എന്റെ പക്കലുണ്ട്. ഹേ റാം എന്ന സിനിമയില്‍ കാണിക്കുന്ന മൂന്ന് തലയോട്ടി എനിക്ക് കിട്ടിയത് ഗുണാ കേവില്‍ നിന്നാണ്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal share the shooting experience of Gunaa with Manjummel Boys team

Latest Stories

We use cookies to give you the best possible experience. Learn more