| Saturday, 2nd March 2024, 8:25 am

മുരളി അങ്ങനെ ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

കമലിന്റെ സംവിധാനത്തില്‍ മുരളി നായകനായി 1992ല്‍ പുറത്തിറങ്ങിയ ചമ്പക്കുളം തച്ചന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ അനുഭവം കൗമുദി ടി.വി യില്‍ പങ്കുവെച്ചു.

‘കുട്ടനാട്ടിലും അതിന്റെ പരിസരത്തുമൊക്കെയായിട്ടാണ് സിനിമയുടെ ഷൂട്ട് നടന്നത്. ഓഗസ്റ്റ് മാസമായിരുന്നു ഷൂട്ട്. ആ സമയത്ത് നല്ല മഴയൊക്കെ ഉണ്ടായിരുന്നു. അങ്ങനെ മഴയുടെ ഇടയ്ക്ക് ഷൂട്ട് ചെയ്തു. ക്ലൈമാക്‌സിന് തൊട്ടുമുമ്പുള്ള ഫൈറ്റ് ഒരു പാടത്ത് വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. മുരളിയും നെടുമുടി വേണുവുമാണ് ഫൈറ്റ് ചെയ്യുന്നത്.

ചെളിയിലൊക്കെ കിടന്നുള്ള ഫൈറ്റായിരുന്നു. അത് ഷൂട്ട് ചെയ്ത് ലഞ്ച് ബ്രേക്കിന് പറഞ്ഞു. ദേഹം മൊത്തം ചെളിയാണ്, റൂമില്‍ പോയിട്ട് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞ് മുരളിയും വേണുവും പോയി. കുറച്ചു കഴിഞ്ഞ് വേണു ശ്രീനിവാസന് ഒരു കുറിപ്പ് കൊടുത്തുവിട്ടു. അതില്‍ എഴുതിയത്, വേറൊരു പടത്തിന്റെ ഡബ്ബിങ് ചെയ്ത് തീര്‍ക്കാന്‍ വേണ്ടി മുരളി നേരെ ചെന്നൈക്ക് പോയി എന്നാണ്.

ഞാന്‍ മൊത്തത്തില്‍ ഷോക്കായിപ്പോയി. കാരണം ഒരു വാക്ക് പോലും പറയാതെ മുരളി പോയത് എനിക്ക് ഉള്‍ക്കൊളളാന്‍ പറ്റിയില്ല. എന്റെ അത്രയും നല്ല സുഹൃത്തായിരുന്നു മുരളി. ഇനി മുരളിയില്ലാതെ ഒരു സീന്‍ പോലും എടുക്കാന്‍ പറ്റില്ല എന്ന അവസ്ഥയായിരുന്നു.

വേണു ഒരാഴ്ച കഴിഞ്ഞാല്‍ അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്യും. പെട്ടെന്ന് വന്ന ദേഷ്യത്തില്‍ ഞാന്‍ പാക്കപ്പ് പറഞ്ഞു. പിന്നീട് മധു സാറും, വേണുവും ശ്രീനിയുമൊക്കെ എന്നോട് വന്ന് സംസാരിച്ചു എന്നെ ഓക്കെയാക്കി. പിറ്റേ ദിവസം മോനിഷയുടെ കുറച്ച് സീനുകള്‍ എടുക്കാന്‍ ഉണ്ടായിരുന്നു. അത് എടുത്ത് തീര്‍ത്തു.

അതിന്റെ അടുത്ത ദിവസം മുരളി സെറ്റിലേക്ക് എത്തി. ഞാന്‍ മുരളിയെ കണ്ട ഭാവം കാണിക്കാതെ മുരളിയോട് പറയാനുള്ളത് എന്റെ അസിസ്റ്റന്റിനോട് പറഞ്ഞു. അയാള്‍ അതൊക്കെ മുരളിയോട് പറഞ്ഞു. ഒരു ദിവസം മുഴുവന്‍ അങ്ങനെ പോയി. പിറ്റേ ദിവസം അതുപോലെ കണ്ടിന്യൂ ചെയ്തപ്പോള്‍ മുരളി എന്നെ പുറകില്‍ നിന്ന് കെട്ടിപ്പിടിച്ച് എന്നെ മാറ്റിനിര്‍ത്തി എന്നോട് മാപ്പ് ചോദിച്ചു.

ഞാന്‍ മുരളിയോട് കുറേ ദേഷ്യപ്പെട്ട ശേഷം ഞങ്ങള്‍ പഴയതുപോലെയായി. പിന്നീട് മുരളി സെറ്റില്‍ നിന്ന് മുങ്ങിയ ലൊക്കേഷന്‍ മുരളി മുങ്ങി എന്നറിയപ്പെടാന്‍ തുടങ്ങി. അത് കഴിഞ്ഞ് മമ്മൂട്ടിയുടെ ആയിരപ്പറ അതേ സ്ഥലത്തായിരുന്നു ഷൂട്ട്. അതിന്റെ പ്രൊഡക്ഷന്‍ ടീം വഴി ചോദിക്കുമ്പേള്‍ മുരളി മുങ്ങിയ സ്ഥലത്തിന്റെ അടുത്താണെന്ന് പറഞ്ഞ് അതൊരു ലാന്‍ഡ്മാര്‍ക്കായി. അക്കാലത്ത് അവിടെ ഷൂട്ട് ചെയ്ത എല്ലാ പടത്തിന്റെ യൂണിറ്റും ആ സ്ഥലത്തെ മുരളി മുങ്ങി എന്ന് വിളിക്കാന്‍ തുടങ്ങി,’ കമല്‍ പറഞ്ഞു

Content Highlight: Kamal share the shooting experience of Chambakkulam Thachan

We use cookies to give you the best possible experience. Learn more