ആ പാട്ടില്‍ പല വാക്കുകളും ആലോചിച്ചു, ഒടുവില്‍ ഞാനാണ് മഴ മതിയെന്ന് കൈതപ്രത്തിനോട് പറഞ്ഞത്: കമല്‍
Entertainment
ആ പാട്ടില്‍ പല വാക്കുകളും ആലോചിച്ചു, ഒടുവില്‍ ഞാനാണ് മഴ മതിയെന്ന് കൈതപ്രത്തിനോട് പറഞ്ഞത്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd March 2024, 6:16 pm

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. കമല്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ സിനിമയാണ് അഴകിയ രാവണന്‍. വിദ്യാസാഗര്‍ എന്ന സംഗീതസംവിധായകന്റെ മലയാളത്തിലെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്.

ചിത്രത്തിലെ ഗാനങ്ങള്‍ ഉണ്ടായ ഓര്‍മകള്‍ സംവിധായകന്‍ പങ്കുവെക്കുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അഴകിയ രാവണന്റെ ഓര്‍മകള്‍ പങ്കുവെച്ചത്. വിദ്യാസാഗര്‍ എന്ന സംഗീതസംവിധായകനോടൊപ്പം വര്‍ക്ക് ചെയ്ത അനുഭവം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് കമലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘വിദ്യാസാഗറിനെ ആദ്യം കണ്ട സമയത്ത് അയാള്‍ എന്നോട് സംഗീതത്തെക്കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചുകൊണ്ടിരുന്നത്. ബാബുരാജിന്റെ ഓര്‍ക്കസട്രയില്‍ വര്‍ക്ക് ചെയ്തയാളാണ് വിദ്യാസാഗറിന്റെ അച്ഛന്‍. ഹിന്ദുസ്ഥാനി മ്യൂസിക് ഇന്‍സ്ട്രുമെന്റസില്‍ അഗാധമായ അറിവുള്ളയാളായിരുന്നു അദ്ദേഹം. ഞാനും വിദ്യാസാഗറും ആദ്യമായി വര്‍ക്ക് ചെയ്യുന്ന സിനിമയായിരുന്നു അഴകിയ രാവണന്‍. വിദ്യാസാഗറിന്റെ ആദ്യ മലയാളസിനിമ കൂടിയായിരുന്നു അത്.

അതിലെ പാട്ടുകളെപ്പറ്റി ഡിസ്‌കഷന്‍ നടന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഞാനും കൈതപ്രവും വിദ്യാസാഗറും ഒരുമിച്ചായിരുന്നു ഡിസ്‌കഷന്‍. സിനിമക്കുള്ളിലെ സിനിമയില്‍ ഒരു പാട്ട് വരുന്നുണ്ട് അത് എങ്ങനത്തെ പാട്ടാവണമെന്ന ചര്‍ച്ച കുറേനേരം നീണ്ടുനിന്നു. തമിഴില്‍ ആ സമയത്ത് ട്രെന്‍ഡിങ് ആയിട്ടുള്ള പരിപാടിയായിരുന്നു ഓരൊറ്റ വാക്ക് തന്നെ എല്ലാ വരികളിലും കൊണ്ടു വരുന്നത്. ചിന്ന ചിന്ന ആസൈ എന്ന പാട്ടുപോലെ ഒരെണ്ണം ചെയ്താലോ എന്ന് ചോദിച്ചത് വിദ്യാസാഗറാണ്.

അത് നല്ലൊരു ഐഡിയയായി തോന്നി. പക്ഷേ ഏത് വാക്ക് ഉപയോഗിക്കും എന്നായി പിന്നെ ചിന്തകള്‍. നിലാവ്, കാറ്റ് അങ്ങനെ പലതും കൈതപ്രം പറഞ്ഞു. അപ്പോഴാണ് എനിക്ക് മഴ എന്ന വാക്ക് കൊണ്ടുവന്നാലോ എന്ന് തോന്നിയത്. ഇത് ഞാന്‍ കൈതപ്രത്തോട് പറഞ്ഞു. മഴക്ക് ഒരുപാട് ഭാവങ്ങള്‍ ഉണ്ടല്ലോ. അതുകൊണ്ട് മഴ ഉപയോഗിച്ചാലോ എന്ന് ചോദിച്ചു. കൈതപ്രത്തിനും അത് ഓക്കെയായി. മഴ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഈ പാട്ട് ഉണ്ടാകുന്നത്,’ കമല്‍ പറഞ്ഞു

Content Highlight: Kamal share the origin of song in Azhagiya Ravanan