ആ പാട്ട് മോഹന്‍ലാലിനെക്കൊണ്ട് പാടിച്ചാലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ രവീന്ദ്രന്‍ മാഷിന്റെ മറുപടി അതായിരുന്നു: കമല്‍
Entertainment
ആ പാട്ട് മോഹന്‍ലാലിനെക്കൊണ്ട് പാടിച്ചാലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ രവീന്ദ്രന്‍ മാഷിന്റെ മറുപടി അതായിരുന്നു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th February 2024, 8:40 am

മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. കമലിന്റെ മികച്ച സിനിമകളില്‍ ഒന്നായ വിഷ്ണുലോകത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ കൗമുദി ടി.വി. യുമായി പങ്കുവെക്കവെ, മോഹന്‍ലാലിനെക്കൊണ്ട് പാട്ടു പാടിച്ചതിനെക്കുറിച്ച് സംസാരിച്ചു.

‘സിനിമയില്‍ മോഹന്‍ലാല്‍ ആ ഗ്രാമത്തിലെ ഷാപ്പില്‍ ചെന്ന് ചാരായം കുടിച്ചിട്ട്  പാട്ടും പാടിക്കൊണ്ട് നടന്നുവരുന്ന ഭാഗമുണ്ട്. ആ സീനില്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത് ഒരു ഹിന്ദി പാട്ടായിരുന്നു. കാരണം അയാള്‍ നാടോടിയാണല്ലോ. രാജ് കപൂറിന്റെ ആവാരാ ഹൂം പോലൊരു പാട്ടായിരുന്നു എന്റെ മനസില്‍ ഉണ്ടായിരുന്നത്. ഞാന്‍ ഇത് രവീന്ദ്രന്‍ മാഷിനോട് പറഞ്ഞു, മാഷേ നമുക്ക് മലയാളം പാട്ട് വേണ്ട ആവാരാ ഹൂം എന്ന പാട്ട് മതിയെന്ന്. മാഷ് പറഞ്ഞു, എന്നാല്‍ അത് തന്നെ മതി, അത് അതുപോലെ പ്ലേ ചെയ്യാമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അത് ശരിയാവില്ല, മോഹന്‍ലാലിന് രാജ് കപൂറിന്റെ ശബ്ദം ചേരില്ല. വേറെ ആരെയെങ്കിലും കൊണ്ട് പാടിച്ച് റെക്കോഡ് ചെയ്യാമെന്ന്. മാഷ് അത് സമ്മതിച്ചു.

പിന്നീട് ആരു പാടുമെന്നായി അടുത്ത ചിന്ത. മോഹന്‍ലാല്‍ തന്നെ പാടിയാലോ എന്ന് ഞാന്‍ ചിന്തിച്ചു. ഇത് ഞാന്‍ രവീന്ദ്രന്‍ മാഷിനോട് പറഞ്ഞു, ‘മാഷേ, ലാല്‍ ഈ പാട്ട് പാടിയാല്‍ എങ്ങനെയുണ്ടാവും? ഇനി അഥവാ എവിടെയെങ്കിലും മിസ്റ്റേക്ക് വന്നാല്‍ കള്ളുകുടിച്ചുകൊണ്ട് പാടുന്ന പാട്ടായതുകൊണ്ട് ആരും ഒന്നും പറയില്ലല്ലോ’ അപ്പോള്‍ മാഷ് പറഞ്ഞു, ‘ലാല്‍ നല്ല അസ്സലായി പാടും. അയാളെക്കൊണ്ട് തന്നെ പാടിക്കാം.’

ഇന്നത്തെപോലെ ഫോണില്‍ ഉടനെ ലിറ്ക്‌സ് കിട്ടുന്ന കാലമല്ലായിരുന്നു അത്. അതുകൊണ്ട് ആ പാട്ട് ഒരു കാസറ്റിലാക്കി ഒരു ഹിന്ദി മാഷിനെക്കൊണ്ട് ലിറിക്‌സ് കറക്ടായി എഴുതിച്ച്, മോഹന്‍ലാലിനെക്കൊണ്ട് കറക്ടായി പറയിപ്പിച്ചിട്ടാണ് ആ പാട്ട് റെക്കോഡ് ചെയ്തത്. മോഹന്‍ലാല്‍ ഭംഗിയായി ആ പാട്ട് പാടി അഭിനയിച്ചു,’ കമല്‍ പറഞ്ഞു.

Content Highlight: Kamal share the memory of Moahanlal singing in Vishnulokam movie