| Saturday, 2nd March 2024, 12:11 pm

ഷൂട്ടിന്റെ തലേന്ന് സ്‌ക്രിപ്റ്റ് കംപ്ലീറ്റായോ എന്ന് ചോദിച്ചപ്പോള്‍ ഈ സിനിമയുടെ കഥ എന്തായിരുന്നു എന്ന് ശ്രീനിവാസന്‍ തിരിച്ചുചോദിച്ചു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. കമലിന്റെ സംവിധാനത്തില്‍ മുരളി നായകനായി 1992ല്‍ പുറത്തിറങ്ങിയ ചമ്പക്കുളം തച്ചന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെച്ചു.

‘എന്നെ സംബന്ധിച്ചോളം വളരെ പ്രത്യേകതയുള്ള സിനിമയാണത്. ഞാനും ശ്രീനിവാസനും പാവം പാവം രാജകുമാരന് ശേഷം ചെയ്ത സിനിമകൂടിയാണത്. കുട്ടനാടിനെയും വള്ളംകളിയെയും ബേസ് ചെയ്‌തൊരു സിനിമയായിരുന്നു ഉദ്ദേശിച്ചത്. അങ്ങനെ അതിന്റെ തിരക്കഥയെഴുതാന്‍ വേണ്ടി ഞങ്ങളിരുന്നു. മനസിലുണ്ടായിരുന്ന കഥ തിരക്കഥയാക്കുന്നതിന് മുമ്പ് അതിന്റെ വണ്‍ലൈന്‍ എഴുതുന്നതാണ് ശ്രീനിയുടെ രീതി. ആദിമദ്ധ്യാന്തമുള്ള ഒരു വണ്‍ലൈന്‍ ഞങ്ങള്‍ ഉണ്ടാക്കി.

60 പേജുള്ള വണ്‍ലൈനായിരുന്നു അത്. അതിന് ശേഷം മധു സാറിനെയും കെ.ആര്‍. വിജയയെയും നെടുമുടി വേണുവിനെയും കാസ്റ്റ് ചെയ്തു. അതിന് ശേഷം ആലപ്പുഴയില്‍ വെച്ച് പാട്ടുകളുടെ കമ്പോസിങ് ചെയ്തു. ആദ്യത്തെ പാട്ട് ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച എന്ന പാട്ടായിരുന്നു. അത് ഞാന്‍ ശ്രീനിക്ക് അയച്ചു കൊടുത്തപ്പോള്‍ പടത്തിന്റെ ടൈറ്റില്‍ ചമ്പക്കുളം തച്ചന്‍ എന്നാക്കിയാലോ എന്ന് ചോദിച്ചു. അത് മതിയെന്ന് തീരുമാനിച്ചു.

ശ്രീനി ആ സമയത്ത് വേറൊരു സിനിമയുടെ ഷൂട്ടിന് പോയി അവിടെയിരുന്ന് സ്‌ക്രിപ്റ്റ് തീര്‍ക്കാമെന്ന് പറഞ്ഞാണ് പോയത്. പക്ഷേ അവിടെ ചെന്ന് ആ സിനിമയുടെ സ്‌ക്രിപ്റ്റിലെ ചില മിസ്റ്റേക്കുകള്‍ തിരുത്താനിരുന്നു. അത് കാരണം ആ പടത്തിന്റെ ഷൂട്ട് ഡിലേയായി. ചമ്പക്കുളം തച്ചന്റെ ലൊക്കേഷനൊക്കെ കണ്ട് തീരുമാനിച്ച ശേഷം ഞാന്‍ ശ്രീനിയുടെ പടത്തിന്റെ ലൊക്കേഷനില്‍ പോയി. അവിടെയെത്തിയപ്പോള്‍ ശ്രീനി ഒരു വരി പോലും എഴുതിയില്ലാന്ന് മനസിലായി. പക്ഷേ ഈ പടത്തിന്റെ ലൊക്കേഷനില്‍ എത്തിയാല്‍ ശ്രീനി സ്‌ക്രിപ്റ്റ് തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

അങ്ങനെ ചമ്പക്കുളം തച്ചന്റെ ഷൂട്ടിന്റെ തലേന്ന് ശ്രീനി ആ പടത്തിന്റെ ഷൂട്ട് തീര്‍ത്ത് ആലപ്പുഴക്ക് വന്നു. പക്ഷേ വന്നപ്പോള്‍ ലേറ്റായി. എനിക്കൊന്ന് ഉറങ്ങണം, നല്ല ക്ഷീണമുണ്ടെന്ന് പറഞ്ഞ് കിടന്നുറങ്ങാന്‍ പോയി. എനിക്ക് ടെന്‍ഷനായി. ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ വന്നു, ഇതുവരെ സ്‌ക്രിപ്റ്റ് എഴുതി തുടങ്ങിയിട്ടില്ല. എന്ത് ചെയ്യുമെന്ന് ഒരു പിടിയും കിട്ടാത്ത അവസ്ഥയായിരുന്നു. ശ്രീനി ഉണര്‍ന്ന ശേഷം അയാളുടെ റൂമില്‍ പോയിട്ട് സ്‌ക്രിപ്റ്റ് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ശ്രീനി തിരിച്ചു ചോദിച്ചു, ഈ പടത്തിന്റെ കഥയെന്താണെന്ന്.

കാരണം, ശ്രീനിക്ക് തീരെ വയ്യ, ഈ പടത്തിന്റെ വണ്‍ലൈന്‍ പോലും വായിക്കാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല. ഞാന്‍ അവിടെയിരുന്ന് വണ്‍ലൈന്‍ വായിച്ചു കൊടുത്തു. ശ്രീനി എന്നോട് പറഞ്ഞു, ഇതിന്റെ സ്‌ക്രിപ്റ്റ് എഴുതാന്‍ ഒരു മൂന്ന് ദിവസം വേണ്ടിവരും, അപ്പോഴേക്ക് പാട്ടൊക്കെ ഷൂട്ട് ചെയ്ത് തീര്‍ക്ക് എന്ന്. മധു സാര്‍ ഒക്കെ വന്നിട്ടുണ്ട്, ആദ്യം സോങ് ഷൂട്ട് ചെയ്താല്‍ അദ്ദേഹത്തിന് ഇഷ്ടമാകില്ല എന്ന്. അതുകൊണ്ട് മധുസാര്‍ ഒക്കെയുള്ള ഒരു ചെറിയ സീന്‍ ആദ്യം എഴുതി അത് ഷൂട്ട് ചെയ്തു തുടങ്ങി,’ കമല്‍ പറഞ്ഞു.

Content Highlight: Kamal share the memories of  Chambakkulam Thachan script writing

Latest Stories

We use cookies to give you the best possible experience. Learn more