1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് കമല്‍. പിന്നീട് ഒരുപിടി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കമലിന് സാധിച്ചു. കമലും മോഹന്‍ലാലും ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് മികച്ച സിനിമകളാണ് ലഭിച്ചത്. അത്തരത്തില്‍ ഒരു സിനിമ ഉണ്ടാകാന്‍ കാരണമായ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയാണ് സംവിധായകന്‍. കൗമുദി ടി.വി. യിലാണ് സംവിധായകന്‍ ഇക്കാര്യം പങ്കുവെച്ചത്.
‘പൂക്കാലം വരവായി എന്ന സിനിമയുടെ ഡബ്ബിങ് വര്‍ക്കുകള്‍ ചെന്നൈയില്‍ നടക്കുന്ന സമയമായിരുന്നു. വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലായിരുന്നു താമസം. ഒരു ദിവസം വര്‍ക്ക് കഴിഞ്ഞ് റൂമിലെത്തി കിടന്നുറങ്ങുകയായിരുന്നു. രാത്രി പന്ത്രണ്ടര കഴിഞ്ഞപ്പോള്‍ റൂമിലെ ഫോണ്‍ റിങ് ചെയ്തു. എടുത്തപ്പോള്‍ അപ്പുറത്തുനിന്ന് മോഹന്‍ലാലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. ഉറക്കത്തിലാണോ എന്ന് ലാല്‍ ചോദിച്ചപ്പോള്‍ ഉറങ്ങി വരികയായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. ഈ സമയത്ത് ലാല്‍ വിളിക്കണമെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചു. ‘ഞാന്‍ വുഡ്‌ലാന്‍ഡ്‌സിലുണ്ടെന്ന്’ ലാല്‍ പറഞ്ഞു, ലാലും സുരേഷ് കുമാറും ഉണ്ട്, റൂമിലേക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ വരാമെന്ന് പറഞ്ഞു.
അങ്ങനെ ഞാന്‍ അവരുടെ റൂമിലെത്തി. വാതില്‍ തുറന്നത് സുരേഷ്‌കുമാറാണ്. അകത്ത് കേറിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച എന്താണെന്ന് വെച്ചാല്‍, സുരേഷ് കുമാറിന്റെ മുഖം ചുവന്ന് തുടുത്തിരിക്കുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ ബെഡില്‍ കിടക്കുകയായിരുന്നു. ഷര്‍ട്ടിന്റെ ബട്ടനൊക്ക അഴിച്ചിട്ടായിരുന്നു കിടന്നത്. പ്രിയദര്‍ശനും അതേ റൂമില്‍ തന്നെ ഉണ്ടായിരുന്നു, പ്രിയന്‍ ഒരു സോഫയില്‍ കിടക്കുകയായിരുന്നു. പ്രിയന്റെ ടീഷര്‍ട്ട് ചുളുങ്ങിയിരിക്കുന്നുണ്ട്. നടന്‍ മുരളിയും ആ റൂമില്‍ ഉണ്ടായിരുന്നു. റൂമിലുണ്ടായിരുന്ന വേറൊരാള്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ടി.എ. റസാഖ് ആയിരുന്നു.
എന്തൊക്കെയോ സംഘര്‍ഷം നടന്നതുപോലെയായിരുന്നു ആ റൂമില്‍ കയറിയപ്പോള്‍ എനിക്ക് തോന്നിയത്. എന്നോട് ഇരിക്കാന്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. ഞാന്‍ ഇരുന്നു. എന്താ കാര്യമെന്ന് ഞാന്‍ ലാലിനോട് ചോദിച്ചപ്പോള്‍ ലാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘സുരേഷ്‌കുമാറിന് വേണ്ടി ഒരു പടം ചെയ്യാന്‍ കമലിന് പറ്റുമോ’ എന്ന് ചോദിച്ചു. രാത്രി ഒരു മണിക്കാണ് അത് ചോദിക്കുന്നത്. പെട്ടെന്ന് ഈ രാത്രിയില്‍ എന്താ ഇങ്ങനെ എന്ന് ഞാന്‍ ചോദിച്ചു. ‘യെസ് ഓര്‍ നോ പറയ്. എന്നിട്ട് ബാക്കി സംസാരിക്കാമെന്ന്’ ലാല്‍ പറഞ്ഞു.
പെട്ടെന്ന് ചെയ്യമമെന്ന് പറയാന്‍ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍, ‘ജനുവരിയില്‍ പ്രിയന്റെ ഡേറ്റ് കിട്ടിയതാണ്. ഒരു പ്രൊജക്ടും ഓകെയായി. പക്ഷേ അത് നടന്നില്ല. പ്രിയനും എനിക്കും വേറെ പടത്തിന്റെ തിരക്കുണ്ട്’ ലാല്‍ പറഞ്ഞു. സുരേഷ്‌കുമാറും ലാലും പ്രിയനും പണ്ടുമുതല് കൂട്ടുകാരാണ്. ലാലും പ്രിയനും സുരേഷിന് വേണ്ടി സിനിമ ചെയ്തിട്ട് കുറേ കാലമായി. അതിന്റെ പേരില്‍ അവര്‍ തമ്മില്‍ കശപിശയുണ്ടായി. അതിന് ശേഷം ലാലാണ് പറഞ്ഞത്, പ്രിയന് പറ്റില്ലെങ്കില്‍ കമലിനെക്കൊണ്ട് പടം ചെയ്യിക്കാമെന്ന്. അങ്ങനെയാണ് ലാല്‍ എന്നെ വിളിക്കുന്നത്. ആ സിനിമയാണ് വിഷ്ണുലോകം’ കമല്‍ പറഞ്ഞു.
Content Highlight: Kamal share the experience of Vishnulokam movie making