മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. കമല്‍ സംവിധാനെ ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ പെരുമഴക്കാലം എന്ന സിനിമ നിരവധി അവാര്‍ഡുകള്‍ നേടുകയുണ്ടായി.
ചിത്രത്തിലെ ഗാനങ്ങളെക്കറിച്ചുള്ള അനുഭവങ്ങള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പങ്കുവെച്ചു. എം. ജയചന്ദ്രന്‍ എന്ന സംഗീതസംവിധായകനുമായി വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് കമലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘എം. ജയചന്ദ്രനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് പെരുമഴക്കാലം എന്ന സിനിമയാണ്. എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതകളുള്ള സിനിമയാണ്. പാട്ടുകളാണെങ്കിലും സിനിമ എന്ന നിലയിലും ഏറെ പ്രത്യേകതകളുള്ള സിനിമയാണ്. ആദ്യം പാട്ടൊന്നും മനസിലുണ്ടായിരുന്നില്ല അവാര്‍ഡിനയക്കുമ്പോള്‍ പാട്ടുകള്‍ പ്രശ്‌നമാകുമോ എന്ന് വിചാരിച്ചു. പക്ഷേ പിന്നീട് പാട്ടുകളില്ലാതെ പടം മുന്നോട്ട് പോവില്ല എന്ന അവസ്ഥയിലാണ് എം. ജയചന്ദ്രന്‍ ഈ സിനിമയിലേക്ക് വരുന്നത്. ആദ്യം കമ്പോസ് ചെയ്തത് കല്ലായിക്കടവത്തെ എന്ന പാട്ടായിരുന്നു. ബാബുരജിന്റെ സ്റ്റൈലില്‍ ഒരു പാട്ട് വേണമെന്ന് പറഞ്ഞപ്പോള്‍ അധികം ശ്രമമില്ലാതെ ജയചന്ദ്രന്‍ ആ പാട്ട് കമ്പോസ് ചെയ്തത്.
രണ്ടാമത്തെ പാട്ട് വല്ലാതെ വ്യത്യസ്തമായിരുന്നു. ഒരു ക്ലാസിക്കല്‍ ടച്ചുള്ള സോങ്. അതാണ് ചെന്താര്‍മിഴി. ഒന്ന് കല്ലായിപ്പുഴയുടെ തീരത്താണെങ്കില്‍ മറ്റൊന്ന് കല്‍പ്പാത്തിപ്പുഴയുടെ തീരത്താണ്. ആ പാട്ടും കഴിഞ്ഞ ശേഷം, യാത്രയുടെ സമയത്ത് ഒരു പാട്ട് വേണം. അതാണ് രാക്കിളി തന്‍ എന്ന പാട്ട്. അത് റഫീക്ക് എഴുതിയ പാട്ടാണ്. ആദ്യം അത് ഹരിഹരനെ വെച്ച് പാടിക്കാനായിരുന്നു ആലോചിച്ചത്.
അതിന് മുന്നേ എം. ജയചന്ദ്രന്‍ അതിന്റെ ട്രാക്ക് പാടിയിട്ടുണ്ട്. അത് ഒരുപാട് തവണ കേട്ട് എന്റെ മൈന്‍ഡില്‍ രജിസ്റ്ററായി. ഹരിഹരന്‍ വരാന്‍ വൈകുമെന്ന് ജയചന്ദ്രന്‍ പറഞ്ഞപ്പോള്‍ ട്രാക്ക് വേര്‍ഷന്‍ തന്നെ മതിയെന്ന് പറഞ്ഞു. അങ്ങനെ ട്രാക്ക് വേര്‍ഷനില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി ജയന്‍ ആ പാട്ട് പാടി. അതിന് സ്റ്റേറ്റ് അവാര്‍ഡും ജയചന്ദ്രന് കിട്ടി,’ കമല്‍ പറഞ്ഞു.
Content Highlight: Kamal share the experience of Perumazhakkalam movie song composition