തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.എഫ്.എഫ്.കെ) ഫെബ്രുവരിയിലേക്ക് മാറ്റിയത് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ റിലീസ് കാരണമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.
ചലച്ചിത്രമേളയുടെ പ്രധാന വേദിയായ കൈരളി തിയേറ്ററില്‍ പണിനടക്കുന്ന സാഹചര്യമായതിനാലാണ് ഫെസ്റ്റിവല്‍ മാറ്റിവെക്കാന്‍ കാരണമെന്നാണ് കമല്‍ പറയുന്നത്. ഫെബ്രുവരിക്ക് മുന്‍പായി തിയേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്രമേളയുടെ ഉദ്ഘാടനമടക്കമുള്ള പ്രധാന ചടങ്ങുകള്‍ എല്ലാം കൈരളി തിയേറ്ററില്‍ വെച്ചാണ് നടക്കാറുള്ളത്.
ഫെസ്റ്റിവലിനെത്തുന്ന ഡെലിഗേറ്റ്‌സുകള്‍ക്കും കൈരളി തിയേറ്ററിനോട് വൈകാരികമായ അടുപ്പമാണുള്ളതെന്നും മുന്‍ വര്‍ഷങ്ങളില്‍ ഫെസ്റ്റിവലിന്റെ ഭാഗമായ ധന്യ, രമ്യ തുടങ്ങിയ തിയേറ്ററുകള്‍ പൊളിച്ചതും മേള നീട്ടിവെക്കാന്‍ കാരണമായെന്നും കമല്‍ പറയുന്നു.
ഡിസംബര്‍ 10 മുതല്‍ ചലച്ചിത്രമേള തുടങ്ങാനായിരുന്നു ആദ്യം ആലോചിച്ചത്. ഡിസംബര്‍ 2ന് മരക്കാര്‍ റിലീസ് ചെയ്യുന്നതോടെ ഫിലിം ഫെസ്റ്റിവലിന് തിയേറ്റര്‍ കിട്ടില്ല എന്ന സ്ഥിതിയുള്ളതിനാല്‍ മേള മാറ്റിവെക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
കൈരളി, നിള, ശ്രീ, കലാഭവന്‍, ന്യൂ, കൃപ, പത്മനാഭ തുടങ്ങിയ 12 തിയേറ്ററുകളാണ് ഇത്തവണ ചലച്ചിത്രമേളയുടെ വേദിയെന്നും കമല്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ തവണ നാല് മേഖലകളിലായായിരുന്നു മേള നടന്നിരുന്നത്. ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചു വരികയാണ് എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ മേളയ്ക്കുണ്ട്.
എന്നാല്‍ ചലച്ചിത്രമേള കഴിഞ്ഞ തവണത്തേപ്പോലെ വിവിധ ജില്ലകളിലായി നടത്തണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍, ജീവനക്കാരെ വിന്യസിക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ മേള തിരുവനന്തപുരത്ത് മാത്രം മതിയെന്ന നിലപാടാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.
നവംബര്‍ 21 മുതല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) ഗോവയില്‍ വെച്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഐ.എഫ്.എഫ്.കെ ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്. അതേസമയം ഡോക്ക്യുമെന്ററി ഫെസ്റ്റിവല്‍ (ഐ.ഡി.എഫ്.എഫ്.കെ) അടുത്ത മാസം തന്നെ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.