മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ കമല്‍ 40ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായും കമല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സമയത്ത് താന്‍ നേരിട്ട വിവാദങ്ങളെക്കുറിച്ച് സംസാരിച്ചു. വിവാദങ്ങളുണ്ടായിരുന്ന സമയത്ത് സംഘപരിവാറുകാര്‍ കമലിനെ കമാലുദ്ദീന്‍ എന്ന് വിളിച്ചിരുന്നു. ദേശീയഗാനത്തെപ്പറ്റിയുള്ള വിവാദ സമയത്ത് കമലിനോട് പാകിസ്ഥാനില്‍ പോവാനും സംഘപരിവാര്‍ ആവശ്യപ്പെട്ടിരുന്നു. കമാലുദ്ദീന്‍ എന്ന പേര് സംഘപരിവാറുകാരുടെ സൃഷ്ടിയാണോ എന്ന ചോദ്യത്തിന് കമലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘എന്റെ യഥാര്‍ത്ഥ പേര് കമാലുദ്ദീന്‍ എന്ന് തന്നെയാണ്. വീട്ടുകാര്‍ എനിക്കിട്ടുതന്ന പേരാണത്. എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും പേര് കമാലുദ്ദീന്‍ എന്ന് തന്നെയാണ്. പക്ഷേ സ്‌കൂളിലും കോളേജിലുമെല്ലാം എല്ലാവരും കമല്‍ എന്നായിരുന്നു വിളിച്ചത്. പിന്നീട് സിനിമയില്‍ എത്തിയപ്പോള്‍ കമാലുദ്ദീന്‍ എന്ന പേര് വേണ്ട കമലെന്ന് മതിയെന്ന് പറഞ്ഞത് എന്റെ അമ്മാവനായിരുന്നു. എനിക്കും അത് നല്ലതായി തോന്നി. കാരണം, ഒരു മതേതരനായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതിന് കമലെന്ന പേരാണ് നല്ലത്. പണ്ട് കുഞ്ഞാലു സിനിമയില്‍ എത്തിയ ശേഷം ബഹദൂര്‍ ആയതുപോലെ. കുഞ്ഞാലു എന്റെ ബന്ധുവാണ്. തിക്കുറിശ്ശിയാണ് ആ പേര് മാറ്റി ബഹദൂര്‍ എന്നാക്കിയത്.
അതുപോലെ ഞാനും സിനിമയില്‍ എന്റെ പേര് കമലെന്നാക്കി. പിന്നീട് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ സമയത്ത് ദേശീയഗാനത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. സിനിമാ തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സമയത്ത് ഞാന്‍ എന്റെ അഭിപ്രായം പ്രകടിപ്പിച്ചു. അതിന് ശേഷമാണ് സംഘപരിവാറുകാര്‍ കമാലുദ്ദീന്‍ എന്ന പേര് കണ്ടുപിടിച്ചതും. അതിന് ശേഷം എന്നോട് പാകിസ്ഥാനിലൊക്കെ പോവാന്‍ ആവശ്യപ്പെട്ടു. ഞാനാലോചിച്ചു, ഇത്രയും നാട് കാണാന്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ എന്തിനാ പാകിസ്ഥാനില്‍ പോവേണ്ടതെന്ന്. പിന്നീട് അടൂരിനോടും എം.ടി. യോടും അവര്‍ ഇതുതന്നെ പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസമായി. എന്നോട് മാത്രമല്ലല്ലോ അത് പറഞ്ഞത്,’ കമല്‍ പറഞ്ഞു.
Content Highlight: Kamal saying that sangh parivar finds his original name Kamaluddin