|

കാതോട് കാതോരത്തിന്റെ ലൊക്കേഷനില്‍ നിന്ന് ആരെങ്കിലും മിസ് ആയിട്ടുണ്ടോ എന്ന് ചോദിച്ച് ഒരുപാട് ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നുണ്ട്: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1986ല്‍ റിലീസായ മിഴിനീര്‍പൂവുകള്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് കമല്‍. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച സിനിമകള്‍ കമല്‍ സമ്മാനിച്ചിട്ടുണ്ട്. ഉണ്ണികളെ ഒരു കഥ പറായം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍ തുടങ്ങി 50ലധികം ചിത്രങ്ങള്‍ കമല്‍ ഒരുക്കിയിട്ടുണ്ട്. 38 വര്‍ഷത്തെ കരിയറില്‍ രണ്ട് സംസ്ഥാന അവാര്‍ഡും കമല്‍ സ്വന്തമാക്കി.

ഭരതന്റെ അസോസിയേറ്റായിട്ടാണ് കമല്‍ സിനിമയിലേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തില്‍ കമല്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ചിത്രമായിരുന്നു കാതോട് കാതോരം. മമ്മൂട്ടിയെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം അടുത്തിടെ വീണ്ടും ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്ന സിനിമ പറയുന്നത് കാതോട് കാതോരം എന്ന സിനിമയുടെ ലൊക്കേഷന്റെ കഥയാണ്.

രേഖാചിത്രത്തിന്റെ റിലീസിന് ശേഷം കാതോട് കാതോരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ തനിക്ക് ഒരുപാട് ഫോണ്‍കോളുകള്‍ വരാറുണ്ടെന്ന് പറയുകയാണ് കമല്‍. ദേവദൂതര്‍ പാടി എന്ന ഗാനരംഗത്തിലെ കന്യാസ്ത്രീ ആരാണെന്ന് പലരും ഫോണിലൂടെ ചോദിക്കാറുണ്ടെന്ന് കമല്‍ പറഞ്ഞു. രേഖാചിത്രത്തില്‍ കാണിച്ചത് ശരിക്കും സംഭവിച്ചതാണോ എന്നാണ് പലര്‍ക്കും അറിയേണ്ടതെന്നും താന്‍ അത്തരം ചോദ്യങ്ങള്‍ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയില്‍ പ്രവര്‍ത്തിച്ച ആളുകളില്‍ താനും മമ്മൂട്ടിയുമാണ് ആക്ടീവായി നില്‍ക്കുന്നതെന്നും മമ്മൂട്ടിയോട് ചോദിക്കാന്‍ പറ്റാത്തതുകൊണ്ട് പലരും തന്നോട് ചോദിക്കുകയാണെന്നും കമല്‍ പറഞ്ഞു. ലിസിയുടെ പിന്നില്‍ നില്‍ക്കുന്ന കന്യാസ്ത്രീ ഇപ്പോള്‍ എവിടെയാണെന്ന് പലരും ചോദിക്കുമെന്നും അവരോട് തന്നെ കണ്ടുപിടിക്കാന്‍ താന്‍ പറയുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു കമല്‍.

‘രണ്ട് ദിവസം കൊണ്ടാണ് കാതോട് കാതോരത്തിന്റെ കഥ എഴുതിയത്. ആ സമയത്ത് മമ്മൂക്കയുടെ പല പടത്തിലും ഞാനായിരുന്നു അസോസിയേറ്റ്. കാതോട് കാതോരം ഞങ്ങള്‍ ഒരുമിച്ച നാലാമത്തെ പടമായിരുന്നു. രേഖാചിത്രം റിലീസായ ശേഷം എന്നെ ഒരുപാട് പേര്‍ വിളിച്ചു. അവര്‍ക്കൊക്കെ അറിയേണ്ടത് കാതോട് കാതോരത്തിന്റെ ലൊക്കേഷനില്‍ നിന്ന് ആരെങ്കിലും മിസ് ആയിട്ടുണ്ടോ എന്നാണ്. അത്രമാത്രം കണ്‍വിന്‍സാക്കാന്‍ രേഖാചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ദേവദൂതര്‍ പാടി എന്ന പാട്ടില്‍ കാണിക്കുന്ന കന്യാസ്ത്രീ എവിടെയായിരിക്കും എന്നൊക്കെ അവര്‍ ചോദിക്കുന്നുണ്ട്. അവരോട് തന്നെ കണ്ടുപിടിക്കാന്‍ ഞാന്‍ ചുമ്മാ തമാശക്ക് പറയാറുണ്ട്. ആ പടത്തില്‍ വര്‍ക്ക് ചെയ്തവരില്‍ ഞാനും മമ്മൂക്കയുമൊക്കെയാണല്ലോ ഇപ്പോഴും ആക്ടീവായി നില്‍ക്കുന്നത്. മമ്മൂക്കയോട് ചോദിക്കാന്‍ പറ്റാത്തതുകൊണ്ട് എന്നോട് ചോദിക്കുന്നു. അത്രയേ ഉള്ളൂ,’ കമല്‍ പറഞ്ഞു.

Content Highlight: Kamal saying he got many phone calls after the release of Rekhachithram