| Saturday, 27th January 2024, 12:10 pm

അന്ന് എന്റെ സിനിമയില്‍ ജയറാം അഭിനയിക്കാത്തത് ഭാഗ്യമായി, ഓര്‍മകള്‍ പങ്കുവെച്ച് കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തോളമായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന സംവിധായകനാണ് കമല്‍. മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിക്കാന്‍ കമലിന് കഴിഞ്ഞു. കൗമുദി ടി.വി യിലെ എന്റെ സിനിമാക്കഥ എന്ന പരിപാടിയില്‍ തന്റെ ആദ്യകാല സിനിമയായ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു കമല്‍.

‘എന്റെ മൂന്നാമത്തെ സിനിമയാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍. ആ സിനിമയില്‍ കാണിക്കുന്ന കാവ് പന്തളത്തിനടുത്ത് ചാമക്കാവ് എന്ന സ്ഥലത്തായിരുന്നു. അതുപോലെ ഒരു ലൊക്കേഷന്‍ കിട്ടാന്‍ വേണ്ടി ഞങ്ങള്‍ ഒരുപാട് അലഞ്ഞു. കാരണം ഒരുപാട് പടികളൊക്കെ കേറി പോവുന്ന കാവാണ് സിനിമക്ക് വേണ്ടത്. അത്തരത്തിലുള്ള കാവ് കുറവാണ്. അങ്ങനെ ലൊക്കേഷന്‍ തേടി ഞാനും നിര്‍മാതാവ് ഔസേപ്പച്ചനും കുറെ സ്ഥലത്ത് യാത്ര നടത്തി. ആദ്യം ഞങ്ങള്‍ പോയത് മലബാര്‍ ഭാഗത്തായിരുന്നു. കുറേ കാവുകള്‍ കണ്ടെങ്കിലും ഒന്നും ഓകെ ആയില്ല.

പിന്നീട് ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്ത് നോക്കാമെന്ന് തീരുമാനിച്ച് ഷൊര്‍ണൂര്‍ ടി.ബി ലോഡ്ജില്‍ എത്തി റൂമെടുത്തു. പിറ്റേന്ന് രാവിലെ ഇറങ്ങാന്‍ നേരത്ത് എം.ടി.സാര്‍ അവിടെ റൂമിലുണ്ടെന്നറിഞ്ഞു. അദ്ദേഹത്തെ പോയി കണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എം.ടി സാറാണ് പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ക്കാവ് എന്നൊരു കാവുണ്ട്. പോയി കണ്ടുനോക്കാന്‍ സജസ്റ്റ് ചെയ്തത്. അങ്ങനെ ഞാനും ഫാസിലും പെരുമ്പാവൂര്‍ ജങ്ഷനില്‍ എത്തി. വഴിയറിയാതെ അവിടെ നില്‍ക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്ത് വന്ന് ഫാസിലിനോട് സംസാരിച്ചു. ‘സാറിനെന്നെ അറിയുമോ, ഞാന്‍ കലാഭവനില്‍ ഉള്ളതാ, പേര് ജയറാം. സിദ്ദിഖ് ലാലിന്റെ കൂടെ മിമിക്രി കളിച്ചിട്ടുണ്ട്’ പിന്നെ ഞങ്ങളോട് കാര്യം എന്താണെന്ന് തിരക്കി.

ഇരിങ്ങോള്‍ കാവിലേക്ക് പോവാനുള്ള വഴി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളോടൊപ്പം കാറില്‍ കയറി. കാവിലെത്തുന്നത് വരെ ജയറാം സംസാരിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഫാസിലിനോട് പറഞ്ഞു,എന്തൊരു വെറുപ്പിക്കലാണ് ഇയാളെന്ന്. കാവിലെത്തി ഞങ്ങള്‍ അത് കണ്ടു. പക്ഷേ എനിക്ക് കാവ് ഇഷ്ടപ്പെട്ടില്ല. ജയറാം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. ചായയൊക്കെ തന്നു. ഇറങ്ങാന്‍ നേരത്ത് സിനിമയില്‍ എന്തെങ്കിലും ചാന്‍സ് ഉണ്ടോ എന്ന് ചോദിച്ചു. നോക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. ആ സിനിമയില്‍ ഒരു ചെറിയ റോള്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അതിലേക്ക് ജയറാമിനെ പരിഗണിക്കാന്‍ ഞാന്‍ പോയപ്പോള്‍ ഫാസില്‍ പറഞ്ഞു, ആ റോള്‍ അപ്പാ ഹാജിക്ക് കൊടുക്കാമെന്ന് തീരുമാനിച്ചുവെന്ന്.

ജയറാമിന് ആ റോള്‍ കൊടുക്കാത്തത് നന്നായി എന്നെനിക്ക് തോന്നി. രണ്ട് മാസം കഴിഞ്ഞ് പദ്മരാജന്‍ അപരനിലേക്ക് ജയറാമിനെ കാസ്റ്റ് ചെയ്തു. അത് ജയറാമിന് ഭാഗ്യമായി. ഇത് ഞാന്‍ ജയറാമിനെ കാണുമ്പോള്‍ പറയാറുണ്ട്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal said that he didn’t select Jayaram for Kakkothikavile Appoopanthaadikal

We use cookies to give you the best possible experience. Learn more