കഴിഞ്ഞ ദിവസമാണ് ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമ പുരുഷ വിരുദ്ധമാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും പറഞ്ഞ് ഒരാൾ ഹൈക്കോടതിയിൽ പരാതി നൽകിയത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
തന്റെ ചിത്രത്തിനെതിരെ വന്ന കേസിനെ നിയമപരമായി നേരിടുമെന്ന് സംവിധായകൻ കമൽ പറഞ്ഞു. തങ്ങളെ സംബന്ധിച്ച് സെൻസർ ചെയ്യപ്പെട്ട ഒരു സിനിമ ഇന്ത്യയിൽ എവിടെയും പ്രദർശിപ്പിക്കാനുള്ള അനുമതിയുണ്ടെന്ന് കമൽ പറഞ്ഞു. സിനിമയെ ഡിഗ്രേഡ് ചെയ്യാൻ വേണ്ടിയിട്ട് മനപ്പൂർവം ഉണ്ടാക്കിയെടുക്കുന്ന പരാതിയാണ് ഇതെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു കേസ് വന്നു കഴിഞ്ഞാൽ ഞങ്ങൾ അതിനെ നിയമപരമായി നേരിടും. അതിന് യാതൊരു സംശയവുമില്ല. ഞങ്ങളെ സംബന്ധിച്ച് സെൻസർ ചെയ്യപ്പെട്ട ഒരു സിനിമ ഇന്ത്യയിൽ എവിടെയും പ്രദർശിപ്പിക്കാനുള്ള സെൻസർ ബോർഡിന്റെ അനുമതിയുണ്ട്. ഈ സിനിമ പ്രദർശിപ്പിക്കാൻ ഞങ്ങൾക്ക് മറ്റ് സാങ്കേതിക തടസ്സങ്ങളും കാര്യങ്ങളും ഒന്നുമില്ല.
തെറ്റായ ഒരു പ്രചാരണം, ഈ സിനിമ പുരുഷ സമൂഹത്തിന് മൊത്തമായി എതിരെയാണ് എന്ന തരത്തിലാണ് ഒരാൾ വക്കീൽ നോട്ടീസ് അയച്ചു തന്നത്. പുരുഷ സമൂഹത്തിന്റെ മൊത്തമായിട്ടുള്ള അവകാശം ഈ പരാതിക്കാരന് മാത്രമാണ് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. സ്വാഭാവികമായിട്ടും അദ്ദേഹത്തിന് വ്യക്തിപരമായ രീതിയിലോ അദ്ദേഹത്തിന്റെ കഥയാണെന്നോ അദ്ദേഹത്തെ അപമാനിക്കുന്നോ തോന്നിയപ്പോൾ ഒരു പരാതി കൊടുക്കുകയാണെങ്കിൽ, നമുക്ക് ആ രീതിയിൽ നേരിടുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യാം.
നമ്മെ സംബന്ധിച്ചിടത്തോളം ഇതൊരു കള്ള പരാതിയാണ്. സിനിമയെ ഡിഗ്രേഡ് ചെയ്യാൻ വേണ്ടിയിട്ട് മനപ്പൂർവം ഉണ്ടാക്കിയെടുക്കുന്ന പരാതിയായിട്ടാണ് തോന്നിയത്. അത് എല്ലാവർക്കും അറിയുന്നതാണ്. കഴിഞ്ഞ കുറെ നാളുകളായി സിനിമയിൽ പല രീതിയിലുള്ള ഡിഗ്രേഡ് നടക്കുന്നുണ്ട്. അത് സിനിമയുടെ ഒരു ഭാഗമായിട്ട് മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ. അത് സ്പോർട്സ്മാൻ സ്പിരിറ്റിൽ തന്നെയാണ് എടുക്കുന്നത്. അതൊന്നും ഒരു പ്രശ്നമല്ല. സിനിമയുടെ പ്രദർശന വിജയത്തെ ബാധിക്കുന്ന തരത്തിൽ ആവുമ്പോഴാണ് നമുക്ക് അതിനെതിരെ പ്രതികരിക്കേണ്ടി വരിക. അതാണെനിക്ക് പറയാനുള്ളത്,’ കമൽ പറഞ്ഞു.
Content Highlight: Kamal reactes about the case