| Saturday, 3rd August 2019, 11:14 am

"മദ്യപിച്ച് സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത ആളുടെ അനുവാദം തേടുന്നതെന്തിന്"?; മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പൊലീസ് വീഴ്ച എണ്ണിപ്പറഞ്ഞ് കെമാല്‍ പാഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാ വെങ്കട്ടരാമന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കെമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അശ്രദ്ധമായി വണ്ടിയോടിക്കുകയും അത് മൂലം മരണമുണ്ടാകുകയും ചെയ്താല്‍ 304 A ആണ് ചുമത്തുക. അത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ അത് കുറ്റകരമായ നരഹത്യയിലേക്ക് മാറും. അതായത് 299 റെഡ് 4 ലെ 304. അത് ജാമ്യമൊന്നും കിട്ടുന്നവകുപ്പല്ല.

ആശുപത്രിയിലെത്തിച്ചതിന് ശേഷം മദ്യപിച്ചു എന്ന സംശയമുണ്ടായിരുന്നെങ്കില്‍ അത് പരിശോധിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘മദ്യത്തിന്റെ മണമുണ്ടായാല്‍ മാത്രം പോര. രക്തത്തില്‍ മദ്യത്തിന്റെ അളവ് ഉണ്ടെങ്കില്‍ മാത്രമെ മദ്യപിച്ചുണ്ടെന്ന് പറയാന്‍ പറ്റൂ.’

‘സുഹൃത്താണ് വണ്ടിയോടിച്ചതെന്ന് പറഞ്ഞാല്‍ സുഹൃത്തിനെ ഊബര്‍ ടാക്‌സിയില്‍ കയറ്റി വിടുകയല്ല ചെയ്യേണ്ടത്. ആ വാഹനം ഓടിച്ച ആളെ അറസ്റ്റ് ചെയ്യണ്ടേ.’-കെമാല്‍ പാഷ ചോദിക്കുന്നു.

മാത്രമല്ല സുഹൃത്താണോ അതോ ശ്രീറാമാണോ വണ്ടിയോടിച്ചത് എന്ന സംശയമുണ്ടെങ്കില്‍ അതിന്റെ ആനുകൂല്യം വിചാരണ വേളയിലല്ലേ വേണ്ടത്. പ്രാഥമികമായി ബ്ലഡ് ടെസ്‌റ്റെടുക്കാനുള്ള നടപടിയാണ് പൊലീസ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍ക്ക് അതിനായി ആവശ്യപ്പെടാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്തപരിശോധനയ്ക്ക് ആളുടെ സമ്മതം ആവശ്യമാണെന്ന പൊലീസ് വാദത്തേയും കെമാല്‍ പാഷ തള്ളി.

‘മദ്യപിച്ച് സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത ആളുടെ അനുവാദം എന്തിനാണ് വേണ്ടത്. ഇത് ആ രീതിയിലുള്ള ടെസ്റ്റ് ഒന്നുമല്ല. അനുവാദം വാങ്ങേണ്ട ബ്ലഡ് ടെസ്റ്റ് വേറെയാണ്. ഇതിന് അതൊന്നും കാരണമല്ല. ഒഫന്‍സ് പ്രൂവ് ചെയ്യാന്‍ പൊലീസിന് അത് ആവശ്യപ്പെടാം. അതിന് മതിയായ ഫോഴ്‌സും ഉപയോഗിക്കാം. ‘

രക്തഗ്രൂപ്പ് അറിയുക, ഡി.എന്‍.എ പരിശോധന തുടങ്ങിയ സാഹചര്യങ്ങളിലാണ് ബന്ധപ്പെട്ട വ്യക്തികളുടെ സമ്മതം ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

രക്തപരിശോധനയ്ക്കുള്ള സമയം വൈകുന്തോറും മദ്യത്തിന്റെ അളവ് കുറഞ്ഞ് വരുമെന്നും അങ്ങനെയാകുമ്പോള്‍ ആവശ്യമുള്ള അളവില്ലാത്ത പക്ഷം സംഭവം ജാമ്യമില്ലാ വകുപ്പില്‍ നിന്ന് മാറുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ തുടക്കം മുതല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ആരോപിക്കപ്പെട്ടിരുന്നു. ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് ആരോപണം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more