പാലക്കാട്: സുപ്രീംകോടതി വിധി ലംഘിച്ച് തന്നെ മുത്തലാഖ് ചൊല്ലിയതില്‍ ജഡ്ജി ബി. കലാം പാഷയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് മുന്‍ ഹൈക്കോടതി ജഡ്ജിയും കലാം പാഷയുടെ സഹോദരനുമായ കമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്ന് സ്ത്രീയുടെ പരാതി.
പാലക്കാട് ജില്ലാ സെഷന്‍സ് ജഡ്ജി ബി. കലാം പാഷയ്ക്കെതിരെയാണ് മുന്‍ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. കലാം പാഷയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരിക്കുന്നത്. കടവന്ത്ര പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള മുന്‍കൂര്‍ അനുമതിയാണ് ഇവര്‍ തേടിയത്.
2018 മാര്‍ച്ച് ഒന്നിനാണ് ബി. കലാം പാഷ മുത്തലാഖ് ചൊല്ലിയതായി കത്ത് നല്‍കിയതെന്ന് പരാതിക്കാരി പറയുന്നു. തലാഖ് ചൊല്ലിയുള്ള കത്തില്‍ 2018 മാര്‍ച്ച് ഒന്ന് തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇത് അച്ചടി പിശകാണെന്നും 2018 മാര്‍ച്ച് ഒന്ന് എന്നത് 2017 മാര്‍ച്ച് ഒന്ന് എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്‍കി.
സുപ്രീംകോടതി മുത്തലാഖ് നിരോധിക്കുന്നതിന് മുമ്പുള്ള തീയതി രേഖപ്പെടുത്തി നിയമ നടപടികളില്‍നിന്ന് രക്ഷപ്പെടാനാണ് ഇത് ചെയ്തതെന്നാണ് പരാതിക്കാരിയുടെ ആരോപണം.
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് തലാഖ് നടന്നു എന്ന് സ്ഥാപിക്കാന്‍ ജഡ്ജി വ്യാജമായ രേഖകള്‍ തയ്യാറാക്കിയെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.