ന്യൂദല്‍ഹി: ബി.ജെ.പി ബെംഗളൂരുവിലേക്ക് മാറ്റിയിരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കവെയാണ് കമല്‍നാഥിന്റെ നീക്കം.
മന്ത്രി സഭയിലെ ആറ് മന്ത്രിമാരുള്‍പ്പെടെ 22 എം.എല്‍.എമാരാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ പാര്‍ട്ടി വിടാനുള്ള തീരുമാനം അറിയിച്ചത്. ഇവരെ പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
എം.എല്‍.എമാര്‍ക്ക് സി.ആര്‍.പി.എഫ് സുരക്ഷ നല്‍കണമെന്നും കമല്‍നാഥ് അമിത് ഷായോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ച എം.എല്‍.എമാര്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ഗണ്ടന് നിവേധനം നല്‍കിയിരുന്നു. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ക്ക് ഭോപാലിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതെന്നും അവര്‍ ഗവര്‍ണറോട് വ്യക്തമാക്കിയിരുന്നു,
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് എം.എല്‍.എമാര്‍ക്ക് സുരക്ഷ നല്‍കുക എന്നത് തന്റെ കടമയാണെന്നാണ് കമല്‍നാഥ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കര്‍ണാടക പൊലീസിന് അവരെ രക്ഷപെടുത്താനായാല്‍ സ്പീക്കറെ കാണാനുള്ള സുരക്ഷ തനിക്ക് ഒരക്കാന്‍ കഴിയുമെന്നും കമല്‍നാഥ് പറഞ്ഞു.
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് കാരണം ബി.ജെ.പിയാണെന്നും കമല്‍ നാഥ് കത്തില്‍ ആരോപിച്ചു. മാര്‍ച്ച് മൂന്ന് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും ബി.ജെ.പിയുടെ ഗൂഡാലോചനയെ സാധൂകരിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പി നേതാക്കളും സംസാരിക്കുന്ന വീഡിയോകളും ഫോട്ടോകളും പ്രചരിക്കുന്നുണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കി. ബെംഗളൂരുവില്‍ എം.എല്‍.എമാരുടെ എല്ലാ ചെലവും വഹിക്കുന്നത് കര്‍ണാടക ബി.ജെ.പിയാണെന്നും കത്തില്‍ പറയുന്നു.