| Thursday, 19th March 2020, 6:28 pm

'വിമത എം.എല്‍.എമാരുമായി എനിക്ക് ബന്ധമുണ്ട്'; ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കമല്‍നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന് ഭീഷണിയാകുന്ന വിമത എം.എല്‍.എമാരുമായി രഹസ്യ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി കമല്‍നാഥ്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നതില്‍ വിശ്വാസമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. എന്‍.ഡി.ടി.വിയുമായുള്ള അഭിമുഖത്തിലായിരുന്നു കമല്‍നാഥിന്റെ വെളിപ്പെടുത്തല്‍.

എം.എല്‍.എമാര്‍ ബ്രെയ്ന്‍വാഷ് ചെയ്യപ്പെട്ടിട്ടില്ലെന്നും, അല്ലെങ്കില്‍ അവര്‍ എന്നെ വിളിക്കില്ലായിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞു. വിമതരുടെ പിന്തുണയോടുകൂടി മധ്യപ്രദേശ് ഭരിക്കാനുള്ള ശിവരാജ് സിങ് ചൗഹാന്റെ സാധ്യതയെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു കമല്‍നാഥ്.

‘ശിവ് രാജ്‌സിങ് ചൗഹാന്റെ ഗൂഗ്ലിയില്‍ ഞാന്‍ ഔട്ട് ആവില്ല, അതൊരു വൈഡ് ആയിരുന്നു,’ ശിവരാജ് സിങ് ചൗഹാന്‍ പങ്കുവെച്ച ക്രിക്കറ്റ് കളിക്കുന്ന ചിത്രത്തെ ഉദ്ദരിച്ച് കമല്‍നാഥ് പറഞ്ഞു.

സിന്ധ്യ ഒരിക്കലും ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന് കരുതിയില്ലെന്നും കമല്‍നാഥ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാനൊരിക്കലും വിചാരിച്ചില്ല, സിന്ധ്യ കോണ്‍ഗ്രസ് വിട്ടുപോവുമെന്ന്. പക്ഷെ ഓരോരുത്തരും അവരവരുടെ ഭാവി തീരുമാനിക്കുന്നു. സിന്ധ്യ അയാളുടേത് തിരഞ്ഞെടുത്തു,’ കമല്‍നാഥ് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമാണ് കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നത്. സിന്ധ്യയോട് കൂറുള്ള 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ വിശ്വാസ പ്രമേയം നേടേണ്ട സാഹചര്യത്തിലാണ് കമല്‍നാഥ് സര്‍ക്കാര്‍.

സിന്ധ്യയെ അധ്യക്ഷനാക്കാന്‍ തനിക്ക് സാധിക്കില്ലായിരുന്നുവെന്നും ദല്‍ഹിയില്‍ നിന്നാണ് തീരുമാനങ്ങള്‍ വന്നതെന്നും കമല്‍നാഥ് പറഞ്ഞു.

‘എനിക്ക് അദ്ദേഹത്തെ അധ്യക്ഷനാക്കാന്‍ സാധിക്കുമായിരുന്നില്ല, ഈ തീരുമാനമെടുത്തത് ദല്‍ഹിയില്‍ വെച്ചാണ്. എന്തുകൊണ്ടാണ് അദ്ദേഹം സന്തുഷ്ടനല്ലാത്തത്, ഞങ്ങളുടെ നേതാക്കള്‍ തന്നെ അതിന് മറുപടി പറയും,’ അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more