കേന്ദ്ര സർക്കാരിന്റെ അനീതിക്കെതിരെ പോരാടാം; ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ പ്രവർത്തകരോട് കമല്‍നാഥ്
India
കേന്ദ്ര സർക്കാരിന്റെ അനീതിക്കെതിരെ പോരാടാം; ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ പ്രവർത്തകരോട് കമല്‍നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd February 2024, 4:46 pm

ഭോപ്പാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയത് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കെന്ന വാര്‍ത്തകള്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ അനീതിക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാടുന്നതിന് സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന അനീതിക്കെതിരെ തെരുവില്‍ പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയെ സ്വാഗതം ചെയ്യുന്നതിന് സംസ്ഥാനത്തെ എല്ലാ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ആവേശഭരിതരാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ നേതാവ് ശ്രീ രാഹുല്‍ ഗാന്ധി രാജ്യത്ത് നടക്കുന്ന അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെ തെരുവില്‍ പോരാടി കൊണ്ടിരിക്കുകയാണ്. യാത്രയെ സ്വാഗതം ചെയ്യാന്‍ സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ആവേശഭരിതരാണ്. അതിനാല്‍ മധ്യപ്രദേശിലെ എല്ലാ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ശക്തി പകരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു’, കമല്‍നാഥ് പറഞ്ഞു.

ബി.ജെ.പിയില്‍ ചേരുമെന്ന എല്ലാ വാര്‍ത്തകള്‍ക്കും വിരാമമിട്ടാണ് കമല്‍നാഥിന്റെ പ്രസ്താവന പുറത്ത് വന്നത്. അദ്ദേഹത്തിന്റെ മണ്ഡലമായ ചിന്ദ്വാരയില്‍ നിന്ന് അടുത്തിടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ കമല്‍നാഥിന് അതൃപ്തിയുണ്ടെന്നും കഴിഞ്ഞ വര്‍ഷം അവസാനം മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയോട് പരാജയപ്പെട്ടതില്‍ പാര്‍ട്ടിക്കകത്ത് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇത് മധ്യപ്രദേശ് കോണ്‍ഗ്രസിനകത്ത് തര്‍ക്കങ്ങളുണ്ടെന്നും കമല്‍നാഥും അദ്ദേഹത്തിന്റെ മകനും എം.പിയുമായ നകുല്‍നാഥും ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാനും കാരണമായി. കൂറുമാറ്റം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറാവാതിരുന്നതും അഭ്യൂഹങ്ങള്‍ ശക്തി പ്രാപിക്കുന്നതിന് കാരണമായി. ജനുവരി 14ന് മണിപ്പൂരില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കും.

Contant Highlight: Kamal Nath says Excited to welcome Nyay Yatra