| Sunday, 18th February 2024, 5:56 pm

ബി.ജെ.പിയിലേക്കോ എന്ന ചോദ്യത്തിന് മറുപടി തമാശ; നിഷേധിക്കാതെയും സമ്മതിക്കാതെയും കമൽ നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: ബി.ജെ.പിയിൽ ചേരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ ഇപ്പോൾ മരണാനന്തര ചടങ്ങിന് പോകുകയാണെന്നും വേണമെങ്കിൽ കൂടെ വരാമെന്നും മറുപടി നൽകി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ കമൽ നാഥ്.

അതേസമയം ബി.ജെ.പിയുമായി ആശയവിനിമയം നടത്തി എന്ന ആരോപണങ്ങൾ തള്ളാനും അദ്ദേഹം തയ്യാറായില്ല.

‘ഇപ്പോൾ, ഞാനൊരു തെരാവിയിൽ (മരണാനന്തര ചടങ്ങ്) പങ്കെടുക്കാൻ പോകുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ കൂടെ വന്നോളൂ,’ കമൽ നാഥ് പറഞ്ഞു.

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നടത്താനിരുന്ന എല്ലാ പൊതുയോഗങ്ങളും റദ്ദാക്കി കമൽനാഥ് ശനിയാഴ്ച ദൽഹിയിലെത്തിയത് മുതൽ അദ്ദേഹം ബി.ജെ.പിയിലേക്കെന്ന ചർച്ചകൾ സജീവമായിരുന്നു.

എന്നാൽ ദൽഹിയിലെത്തിയിട്ടും കമൽനാഥ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല.

കമൽനാഥിന്റെ മകൻ നകുൽ നാഥ് തന്റെ എക്‌സ് അക്കൗണ്ടിലെ ബയോയിൽ നിന്ന് കോൺഗ്രസിന്റെ പേര് നീക്കം ചെയ്തതും വാർത്തകളുടെ മേലുള്ള സംശയം വർധിപ്പിക്കുന്നതിന് ഇടയാക്കി.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ്‌ വിട്ട് ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെയാണ് കമൽ നാഥും പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് മധ്യപ്രദേശിൽ ലഭിച്ചിരുന്നത്. കമൽ നാഥ് കൂടി പാർട്ടി വിട്ടാൽ അത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ കൂടുതൽ ക്ഷതമേൽപ്പിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടായാൽ പോലും കമൽ നാഥ് കൂറുമാറില്ലെന്നും കോൺഗ്രസും ഗാന്ധി കുടുംബവുമായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അത് മനസിലാകുമെന്നും മുതിർന്ന കോൺഗ്രസ്‌ നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു.

Content Highlight:Kamal Nath’s Witty Reply To Reporters When Asked If He’s Joining BJP

We use cookies to give you the best possible experience. Learn more