ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രതിസന്ധി ഒരു സമ്പൂര്‍ണ്ണ യുദ്ധമായി മാറി കൊണ്ടിരിക്കുകയാണ്. അധ്യക്ഷ പദവിയെ ചൊല്ലി ഉടലെടുത്ത തര്‍ക്കം ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
കര്‍ഷക വായ്പ എഴുതി തള്ളുന്ന പദ്ധതിയുടെ പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് നേതാവ് ജ്യോതി രാദിത്യ സിന്ധ്യക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഇതാണ് മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉടലെടുത്ത പുതിയ പ്രശ്‌നം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല്‍നാഥ് സര്‍ക്കാര്‍ മുഴുവന്‍ കര്‍ഷക വായ്പയും എഴുതി തള്ളുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നിറവേറ്റിയില്ലെന്നായിരുന്നു സിന്ധ്യയുടെ പ്രസ്താവന. എന്നാല്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളുന്നതിനുള്ള നടപടി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി ചെയ്തിട്ടുണ്ടെന്ന കമല്‍നാഥ് പ്രതികരിച്ചു.
‘സിന്ധ്യ പറഞ്ഞത് ശരിയാണ്. 50000 രൂപ ആദ്യ തവണ എഴുതിതള്ളുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ വരെ എഴുതി തള്ളും.’ കമല്‍നാഥ് പ്രതികരിച്ചു. പൊതുജനങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സിന്ധ്യക്കു പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗും കമല്‍ നാഥിനെതിരെ രംഗത്തെത്തിയിരുന്നു.
ഭോപ്പാല്‍ ഹൈവേയില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ ചിത്രം പങ്കു വെച്ചുകൊണ്ട് ‘ഇതാണ് ഭോപ്പാല്‍ ഇന്‍ഡോര്‍ ഹൈവേയുടെ അവസ്ഥയെന്നും അവിടെ പശുക്കള്‍ കിടക്കുകയും തുടര്‍ന്ന് അവിടെ ദിനം പ്രതി അപകടങ്ങള്‍ ഉണ്ടാവുകയാണെന്നുമായിരുന്നു ദിഗ് വിജയ് സിംഗിന്റെ പരാമര്‍ശം. നമ്മുടെ പശു സംരക്ഷകര്‍ എവിടെയാണെന്നും അലഞ്ഞു തിരിയുന്ന ഈ പശുക്കളെ മധ്യപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ റോഡുകളില്‍ നിന്ന് മാറ്റണമെന്നും സിംഗ് ട്വീറ്റ് ചെയ്തിരുന്നു.
പിന്നാലെ സിംഗിന് മറുപടിയുമായും കമല്‍നാഥ് രംഗത്തെത്തി.
‘പ്രിയപ്പെട്ട ദിഗ് വിജയ സിംഗ് ജി, ഭോപ്പാല്‍ ഇന്‍ഡോര്‍ ഹൈവേ സ്റ്റേഡിയത്തില്‍ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് താങ്കള്‍ പറഞ്ഞിരുന്നു. റോഡുകളില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ പദ്ധതി തയ്യാറാക്കുന്നതിനായി ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ആയിരം പശു ഷെല്‍ട്ടറിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം 3000 ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനാണ് പദ്ധതി’ എന്നായിരുന്നു കമല്‍നാഥിന്റെ മറുപടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ കമല്‍നാഥ് പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ മുഖ്യമന്ത്രിയായി എട്ട് മാസം പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷസ്ഥാനത്തു തുടരുകയായിരുന്നു.
സിന്ധ്യയെ പി.സി.സി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ യുദ്ധം തുടങ്ങിയപ്പോഴാണ് തുറന്നപോരിലേക്ക് കമല്‍നാഥ്-സിന്ധ്യ പോരെത്തിയത്.