| Sunday, 17th March 2019, 8:05 pm

മോദി ഏതു തരം കാവല്‍ക്കാരനാണെന്ന് ജനങ്ങള്‍ക്കറിയാം; പുതിയ ക്യാമ്പയ്ന്‍ ശ്രദ്ധ തിരിച്ചു വിടാനെന്ന് കമല്‍ നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വെച്ച ഞാനും കാവല്‍ക്കാരനാണെന്ന് അര്‍ത്ഥം വരുന്ന “മേം ഭി ചൗകിധാര്‍” ക്യാമ്പയ്ന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കാനുള്ള ബി.ജെ.പി തന്ത്രമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്.

“മോദി ഏത് തരം കാവല്‍ക്കാരനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാജ്യം അപകടത്തിലായിരിക്കുമ്പോള്‍ അയാളെന്താണ് ചെയ്യുന്നത്. എക്കാലത്തേതിലും അധികം ആക്രമണ സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. പാര്‍ലമെന്റ് ആക്രമണം സംഭവിച്ചത് മോദിയുടെ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോഴാണ്. ഇത്തരം ക്യാമ്പയ്‌നുകള്‍ ആരംഭിക്കുന്നത് കൊണ്ട് മോദി എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത്, താനാണ് ഇന്ത്യന്‍ സേനയെ ഉണ്ടാക്കിയതെന്ന് അവകാശപ്പെടാനോ? ഇത് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രം മാത്രമാണ്”- അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ “കാവല്‍ക്കാരന്‍ കള്ളനാണ്” എന്ന പ്രയോഗത്തെ മറികടക്കാനാണ് മോദി ഞാനും കാവല്‍ക്കാരനാണ് എന്ന ഹാഷ്ടാഗ് ക്യാമ്പയ്ന് ആരംഭിച്ചത്.

എന്നാല്‍ ഇന്ന് ഒരു പടി കൂടെ കടന്ന് മോദി ട്വിറ്ററിലെ തന്റെ പേര് കാവല്‍ക്കാരന്‍ നരേന്ദ്ര മോദി എന്നാക്കി മാറ്റിയിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പിയുടെ മിക്ക കേന്ദ്ര മന്ത്രിമാരും, മുഖ്യമന്ത്രിമാരും തങ്ങളുടെ ട്വിറ്ററിലെ പേരിനു മുന്നില്‍ കാവല്‍ക്കാരന്‍/ കാവല്‍ക്കാരി എന്നര്‍ത്ഥം വരുന്ന ചൗകിധാര്‍ എന്ന പദം ഉപയോഗിച്ചിരുന്നു.

പുതിയ ക്യാമ്പയ്ന്‍ ആരംഭിക്കുന്നതിന് മുമ്പ് മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു. “നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി നിന്നു കൊണ്ട് രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും, സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണെന്ന്”.

We use cookies to give you the best possible experience. Learn more