ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ് ഒരു വരത്തനാണെന്നും വിശ്വസിക്കാൻ കൊള്ളില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.
മധ്യപ്രദേശിന് പുറത്ത് നിന്നുള്ള ആളായ കമൽ നാഥ് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുമെന്നും അദ്ദേഹം ബെറാശ്യ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
കമൽ നാഥിനെ അധികാരത്തിലേറ്റി ‘അബദ്ധം’ കാണിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
‘അവർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കില്ല. കാരണം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ അവർ ഉദ്ദേശിക്കുന്നില്ല. എന്തായാലും കമൽ നാഥ് ഭയ്യ മധ്യപ്രദേശിൽ നിന്നുള്ള ആളല്ല. നമ്മൾ ഇവിടെയാണ് ജനിച്ചത്. അദ്ദേഹം എവിടെയാണ് ജനിച്ചത്, നിങ്ങൾ പറയൂ,’ ശിവരാജ്സിങ് ചൗഹാൻ പറഞ്ഞു.
‘അദ്ദേഹം ഒരു അപരിചിതനാണ്, നമുക്കൊപ്പം നിൽക്കില്ല,’ ഹിന്ദിയിലെ ഒരു പ്രമുഖ ഗാനത്തിലെ വരികളെ പരിഷ്കരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കമൽ നാഥ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ വികസന പ്രവർത്തനങ്ങൾക്ക് പണമില്ലെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു എന്നും എന്നാൽ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിനാൽ ബി.ജെ.പി പരാജയ ഭീതിയിലാണ്. കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെയാണ് ബി.ജെ.പി മത്സരത്തിനിറക്കിയത്.
230 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് നവംബർ 17നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.
Content Highlight: Kamal Nath Not From Madhya Pradesh, Can’t Be Trusted: Shivraj Chouhan