ഭോപ്പാല്‍: മധ്യപ്രദേശിലെ 24 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെയടക്കം ഇരു പാര്‍ട്ടികളും ആലോചിക്കുന്ന സമയത്താണ് ബി.എസ്.പി തങ്ങളും മത്സരത്തിനുണ്ടാവുമെന്ന് പ്രഖ്യാപിച്ചത്.
ബി.എസ്.പി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആശങ്കയിലായത് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ബി.എസ്.പിയുടെ വരവ് തകര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഇതോടെ ബി.എസ്.പി നേതാക്കളോട് മത്സരത്തില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ഇക്കാര്യം ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ കമല്‍ നാഥ് മായാവതിയുടെ അനന്തരവനും ബി.എസ്.പി ദേശീയ കോര്‍ഡിനേറ്ററുമായ ആകാശിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെന്നാണ് പുതിയ വിവരം. ദല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
തെരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളില്‍ 16 എണ്ണം ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ്. ഇവിടെ ബി.എസ്.പിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇവിടങ്ങളിലെ ദളിത് വോട്ടര്‍മാര്‍ കൂടുതല്‍ പേരും ബി.എസ്.പിയോടൊപ്പമാണ്. ഇവിടെ തന്നെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രവും. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും ഇവിടെ വിജയിക്കണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിനാല്‍ ബി.എസ്.പിയെ മത്സരത്തില്‍ നിന്ന് പിന്മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളും കമല്‍നാഥ് നടത്തുന്നുണ്ട്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിലെത്തുന്നതിന് വേണ്ടി കോണ്‍ഗ്രസും ബി.എസ്.പിയും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സഖ്യത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങാണ് സഖ്യചര്‍ച്ചകള്‍ വിജയത്തില്‍ എത്താതിരിക്കാനുള്ള കാരണമെന്ന് മായാവതി അന്ന് ആരോപിച്ചിരുന്നു. അത് കൊണ്ട് തന്നെ കമല്‍നാത് നേരിട്ട് തന്നെ ചര്‍ച്ചക്കിറങ്ങിയിരിക്കുകയാണ്.