ഭോപ്പാല്‍: ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ച ഏജന്‍സികളുടെ എക്‌സിറ്റ് ഫലങ്ങളെ ചോദ്യം ചെയ്ത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. എക്‌സിറ്റ് പോളുകള്‍ വ്യാജ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് പറഞ്ഞ കമല്‍നാഥ് ചില എക്‌സിറ്റ് പോള്‍ എജന്‍സികള്‍ ഓഫീസര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
തന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഡിസംബര്‍ മൂന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിഷ്പക്ഷമായ വോട്ടെണ്ണല്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൂര്‍ണ ശക്തിയോടെ രംഗത്തിറങ്ങണം. തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടു. ചില എക്‌സിറ്റ് പോളുകള്‍ ബോധപൂര്‍വം തെറ്റായ അന്തരീക്ഷം സൃഷ്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശരാക്കാനും ഓഫീസര്‍മാരെ സമ്മര്‍ദത്തില്‍ ആക്കാനും ശ്രമിക്കുകയാണ്. ഈ ഗൂഢാലോചന വിജയിക്കാന്‍ പോകുന്നില്ല,’ കമല്‍നാഥ് പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും എല്ലാ കോണ്‍ഗ്രസ് ഭാരവാഹികളും വോട്ടെണ്ണല്‍ ദിനത്തിനായി സജ്ജരായിരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.