| Sunday, 5th November 2023, 9:50 pm

സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണെന്ന് കമല്‍നാഥ് മറന്നിരിക്കും; പ്രായമുള്ള നേതാവല്ലേ: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് വിസ്മരിച്ചിട്ടുണ്ടാവുമെന്നും അതിന് കാരണം അദ്ദേഹത്തിന്റെ പ്രായാധിക്യമായിരിക്കാമെന്നും സമാജ് വാദി നേതാവ് അഖിലേഷ് യാദവ്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ പേരില്‍ ഇന്ത്യാ സഖ്യകക്ഷിയായ കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്ന് സമാജ്‌വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സമാജ്‌വാദിയെ വഞ്ചിച്ചെന്ന ആരോപണത്തില്‍ അത്തരം പരാമര്‍ശങ്ങള്‍ പറഞ്ഞ അഖിലേഷ് യാദവിനെ ജനങ്ങള്‍ വിട്ടുകളയണമെന്നും തള്ളിക്കളയണമെന്നുമാണ് കമല്‍നാഥ് ആവശ്യപ്പെട്ടത്.

അതേസമയം ഇവിടെ ആര്‍ക്കും റേഷനില്‍ നിന്നൊന്നും കിട്ടുന്നില്ലെന്നും പിന്നെ എന്തിനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതെന്നും അഖിലേഷ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസിനും വോട്ടു നല്‍കരുതെന്നും അവര്‍ ഒരു കുതന്ത്ര പാര്‍ട്ടിയാണെന്നും അഖിലേഷ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന് തങ്ങളെ ചതിക്കാന്‍ കഴിയുമെങ്കില്‍ സംസ്ഥാനത്തെ ജനങ്ങളെയും ചതിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദലിതര്‍, പിന്നാക്കക്കാര്‍, ആദിവാസികള്‍, ന്യൂനപക്ഷക്കാര്‍ എന്നിവരുടെ വോട്ടുകള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസിനെ പിന്തുണക്കുന്നത്. ജാതി സെന്‍സസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കാതിരിക്കുകയും സെന്‍സസ് നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ഇതേ കോണ്‍ഗ്രസ് തന്നെയാണ്. അതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. കോണ്‍ഗ്രസിന് ഇനി വോട്ട് ലഭിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം,’ അഖിലേഷ് പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ ചില ജില്ലകളില്‍ എസ്.പിക്ക് വേരോട്ടം ഉണ്ട്. 1998ല്‍ നാല് സീറ്റും 2003ല്‍ ഏഴു സീറ്റും 2008,2018 വര്‍ഷങ്ങളില്‍ ഓരോ സീറ്റും നേടി സമാജ്‌വാദി പാര്‍ട്ടി മധ്യപ്രദേശില്‍ വിജയം കൈവരിച്ചിരുന്നു.

Content Highlight: Kamal Nath is an old leader: Akhilesh Yadav

We use cookies to give you the best possible experience. Learn more