| Friday, 20th March 2020, 10:49 am

പ്രതീക്ഷ കൈവിട്ട് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ദിഗ് വിജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതീക്ഷ കൈവിട്ട് കോണ്‍ഗ്രസ് നേതൃത്വം. കമല്‍നാഥ് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പ്രതികരിച്ചു.

22 എം.എല്‍.എമാരുടെ രാജി സ്വീകരിച്ചതോടെ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പണവും പവറും ഉപയോഗിച്ച് ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരാക്കി മാറ്റുന്നത് ഇങ്ങനെയാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

അതേസമയം വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കമല്‍നാഥ് രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. 22 എം.എല്‍.എമാരുടെ രാജി സ്വീകരിച്ചുകഴിഞ്ഞതിലൂടെ വിശ്വാസ വോട്ടെടുപ്പിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കാത്തുനില്‍ക്കില്ലെന്നാണ് അറിയുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി രാജി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

മധ്യപ്രദേശിലെ വിമതരായ 16 കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും രാജി നിയമസഭ സ്പീക്കര്‍ എന്‍.പി പ്രജാപതി ഇന്നലെ രാത്രി സ്വീകരിച്ചിരുന്നു. മാര്‍ച്ച് 10നാണ് വിമത എം.എല്‍.എമാര്‍ രാജി നല്‍കിയത്. മറ്റ് ആറ് വിമത എം.എല്‍.എമാരുടെ രാജി നേരത്തെ തന്നെ സ്പീക്കര്‍ സ്വീകരിച്ചിരുന്നു.

വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബംഗളൂരുവിലായിരുന്ന വിമത എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സ്പീക്കര്‍ രാജി അംഗീകരിക്കാന്‍ തീരുമാനിച്ചത്.

വിശ്വാസ വോട്ടെടുപ്പ് നിയമപ്രകാരം തന്നെ നടത്തണമെന്നും വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കുമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് നടത്തുന്നത് ചിത്രീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more