ഭോപാല്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ മധ്യപ്രദേശില്‍ ആത്മവിശ്വാസം കൈവിടാതെ കോണ്‍ഗ്രസ്. കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ വ്യക്തമാക്കി. എത്രയും പെട്ടന്ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ബി.ജെ.പി എം.എല്‍.എമാരുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പുനിയയുടെ പരാമര്‍ശം.
‘മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയുമെന്ന് കരുതിയാണ് ബി.ജെ.പി ഇത്ര തിടുക്കം കാണിക്കുന്നത്. കമല്‍ നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പിന് തയ്യാറാണ്. ഭൂരിപക്ഷം തെളിയിക്കാനാവും എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല’, പുനിയ പറഞ്ഞു.
48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ബി.ജെ.പി എം.എല്‍.എ ശിവരാജ് സിങ് ചൗഹാന്‍ അടക്കം ഒന്‍പത് എം.എല്‍.എമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, ചൊവ്വാഴ്ചതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ്‍ മുഖ്യമന്ത്രി കമല്‍നാഥിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
നിയസഭാ സമ്മേളനം നിര്‍ത്തിവെക്കാനുള്ള സ്പീക്കറുടെ തീരുമാനം കോണ്‍ഗ്രസിന് ആശ്വാസമായിരുന്നു.
ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടിന് തയ്യാറാണെന്ന് കമല്‍നാഥ് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്പീക്കര്‍ ഇന്നത്തെ സഭാനടപടികളില്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. അതിന് ശേഷമാണ് മാര്‍ച്ച് 26വരെ സമ്മേളനം നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ