ഭോപ്പാല്‍: ഹനുമാന്‍ രൂപമുള്ള കേക്ക് മുറിച്ച് വിവാദത്തിലായിരിക്കുകയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ്. ക്ഷേത്രത്തിന്റെ ആകൃതിയുള്ള കേക്ക് മുറിച്ചതിന് കമല്‍നാഥിനെതിരെ മതനിന്ദ ആരോപിച്ചിരിക്കുകയാണ് ബി.ജെ.പി.
വ്യാഴാഴ്ചയാണ് കമല്‍നാഥിന്റെ 76ാം ജന്മദിനം. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളും പാര്‍ട്ടി പ്രവര്‍ത്തകരും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലവും ജന്മനാടുമായ ചിന്ദ്വാര ജില്ലയിലെ വീട്ടില്‍ ജന്മദിനം മുന്‍കൂട്ടി ആഘോഷിക്കുയായിരുന്നു. ഈ ചടങ്ങിലാണ് ക്ഷേത്രാകൃതിയിലുള്ള കേക്ക് മുറിച്ചത്.
കാവി പതാകയും മുകളില്‍ ഹനുമാന്റെ ചിത്രവുമുള്ള ക്ഷേത്രാകൃതിയിലുള്ള കേക്ക് കമല്‍നാഥ് മുറിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു.
ഇതിനെത്തുടര്‍ന്ന് മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമല്‍ നാഥ് ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി.
കമല്‍ നാഥും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വ്യാജ ഭക്തര്‍ ആണ്. അവര്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഒരിക്കല്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത അതേ പാര്‍ട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.
‘ഒരിക്കല്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത അതേ പാര്‍ട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം ഹനുമാന്‍ ഭക്തനായി മാറി, ഹനുമാന്റെ ചിത്രം പതിച്ച ജന്മദിന കേക്ക് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാനാകുമോ, അതേ കേക്ക് മുറിക്കുന്നതും സനാതന ധര്‍മത്തെയും അതിന്റെ അനുയായികളെയും അപമാനിക്കുന്നതിന് തുല്യമാണ്,’ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
എന്നാല്‍ കമല്‍ നാഥ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ചിന്ദ്വാരയില്‍ സ്ഥാപിച്ച 121 അടിയുള്ള ഹനുമാന്‍ മന്ദിറിന്റെ ആകൃതിയിലുള്ള കേക്കാമ് തങ്ങള്‍ തയ്യാറാക്കിയതെന്നാണ് അനുയായികളുടെ വിശദീകരണം.
നേരത്തെ, ഇന്‍ഡോറിലെ ഖല്‍സ കോളേജില്‍ നടന്ന ഗുരുനാനാക്ക് ജയന്തി പരിപാടിയുടെ സംഘാടകര്‍ കമല്‍നാഥിനെ ക്ഷണിച്ചതിനും അദ്ദേഹത്തെ ആദരിച്ചതിനും എതിരെ ഗായകന്‍ മന്‍പ്രീത് സിങ് കാണ്‍പുരി ആഞ്ഞടിച്ചിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വിഷയം ഉന്നയിച്ചാണ് കമല്‍നാഥിനെ ചടങ്ങിന് വിളിച്ചതിനെ മന്‍പ്രീത് സിങ് വിമര്‍ശിച്ചത്.
ബി.ജെ.പിയുടെ വനിത സ്ഥാനാര്‍ത്ഥിക്കെതിരെ കമല്‍നാഥ് നടത്തിയ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. 2020ല്‍ ദാബ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവിക്കെതിരെ കമല്‍നാഥ് മോശം പരാമര്‍ശം നടത്തിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ‘ഐറ്റം എന്നാണ് കമല്‍ നാഥ് വിളിച്ചത്.
‘ഞങ്ങളുടെ (കോണ്‍ഗ്രസിന്റെ) സ്ഥാനാര്‍ഥി എളിയവരില്‍ എളിയവനാണ്. ബി.ജെ.പി സ്ഥാനാര്‍ഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാന്‍ മടിക്കുന്നത്. എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവര്‍,’ എന്നായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.
കമല്‍നാഥിന്റെ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് ബി.ജെ.പി പ്രത്യക്ഷ സമരവുമായി രംഗത്ത് ഇറങ്ങിയിരുന്നു. തുടര്‍ന്ന് കമല്‍നാഥിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീതും നല്‍കിയിരുന്നു. മേലില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് കമ്മീഷന്‍ കമല്‍ നാഥിന് നല്‍കിയ നിര്‍ദേശം.
Content Highlight: Kamal Nath cuts temple-shaped birthday cake, BJP calls it ‘insult to Hindus’