'എക്‌സിറ്റ് പോളുകള്‍ എന്റര്‍ടെയ്ന്‍മെന്റ് പോളുകള്‍'; ഇ.വി.എം കുംഭകോണത്തിന്റെ ആധികാരികത മെയ് 23-ന് അറിയാമെന്നും കമല്‍ നാഥ്
D' Election 2019
'എക്‌സിറ്റ് പോളുകള്‍ എന്റര്‍ടെയ്ന്‍മെന്റ് പോളുകള്‍'; ഇ.വി.എം കുംഭകോണത്തിന്റെ ആധികാരികത മെയ് 23-ന് അറിയാമെന്നും കമല്‍ നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 4:17 pm

ഭോപ്പാല്‍: എക്‌സിറ്റ് പോളുകളെ എന്റര്‍ടെയ്ന്‍മെന്റ് പോളുകളെന്നു വിശേഷിപ്പിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. യാഥാര്‍ഥ്യം മെയ് 23-നു പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ തന്നെ വീണ്ടും ഭരണത്തിലെത്തുമെന്ന തരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിറകെയാണ് അതിനെ പരിഹസിച്ചുകൊണ്ട് കമല്‍ നാഥ് രംഗത്തെത്തിയത്.

ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ആഘോഷങ്ങള്‍ തുടങ്ങുകയെന്നത് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ഒരു പുതിയ ഇ.വി.എം കുംഭകോണം കൂടി പുറത്തുവന്നിട്ടുണ്ട്. അതിന്റെ ആധികാരികത മെയ് 23-നു ഫലം പുറത്തുവരുമ്പോള്‍ അറിയാം.’- അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന ആരോപണവുമായി ബി.ജെ.പി ഗവര്‍ണറെ സമീപിച്ചതു ഇന്നലെ വിവാദമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നായിരുന്നു കമല്‍ നാഥിന്റെ മറുപടി.

‘അവര്‍(ബി.ജെ.പി) ഒന്നാം ദിവസം മുതല്‍ ഇതിന് ശ്രമിക്കുന്നു. കഴിഞ്ഞ മാസങ്ങളിലായി നാലുവട്ടമാണ് ഭൂരിപക്ഷം തെളിയിച്ചത്. അവര്‍ക്കത് ഇനിയും വേണമെന്നുണ്ടോ, ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. സ്വയം രക്ഷപ്പെടാനായി അവര്‍ നിലവിലെ സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്’- കമല്‍ നാഥ് പറഞ്ഞു.

കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ബി.ജെ.പി നേരത്തേ അവകാശപ്പെട്ടിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ബി.ജെ.പി നീക്കം. കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബി.ജെ.പിയെ കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് താഴെയിറക്കിയത്.

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 113 സീറ്റാണ്. ബി.എസ്.പിയുടെ രണ്ടും എസ്.പിയും ഒന്നും നാല് സ്വതന്ത്രരും ഉള്‍പ്പെടെ 120 അംഗങ്ങളുടെ പിന്തുണ കമല്‍ നാഥ് സര്‍ക്കാരിനുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. അതേസമയം പ്രതിപക്ഷകക്ഷിയായ ബി.ജെ.പിക്ക് 109 സീറ്റാണുള്ളത്. ഏഴംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം.