|

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കുമിടയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ നിയമിച്ചതായി മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(എം.പി.സി.സി) അറിയിച്ചു. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കമല്‍ നാഥിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച് തീരുമാനമുണ്ടായതെന്ന എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും യുവനേതാക്കളുടേയും മുതിര്‍ന്ന നേതാക്കളുടേയും അണികള്‍ തമ്മില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായി അവകാശവാദം നടത്തിയതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയും, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും, അശോക് ഗെഹ്ലോട്ടും ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാക്കള്‍.

ചത്തീസ്ഗഢിലെ മുഖ്യമന്ത്രി ആരാണെന്ന് നാളെ തീരുമാനമായേക്കും. എന്നാല്‍ രാജസ്ഥാനില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും തമ്മില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. നേരത്തെ അശോക് ഗെഹ്ലോട്ട് ആയിരിക്കും മുഖ്യമന്ത്രി എന്ന അഭ്യൂഹങ്ങള്‍ പുറപ്പെട്ടപ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ അണികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍, ടി.എസ് സിങ് ദിയോ, തംരദ്ധ്വാജ് സാഹു എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കമല്‍ നാഥ് 9തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിനു ശേഷം പതിഞ്ചു വര്‍ഷമായി മധ്യപ്രദേശ് ബി.ജെ.പിയുടെ കീഴിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. 109 സീറ്റുകളാണ് ബി.ജെ.പിക്ക് മധ്യപ്രദേശില്‍ ലഭിച്ചത്.

നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനായി മൂന്ന് സ്ഥലങ്ങളിലെയും 7.3 ലക്ഷം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും നേരിട്ട് അഭിപ്രായം തേടാന്‍ അത്യാധുനിക സംവിധാനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

Image Credits: Express photo by Anil Sharma