ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. തന്റെ വിമാന യാത്രകള്‍ക്കും ദല്‍ഹിയില്‍ 700 കോടിയുടെ ഓഫീസ് ഉണ്ടാക്കാനും ആരാണ് പണം മുടക്കിയതെന്ന് മോദി ഉത്തരം പറയണമെന്ന് കമല്‍നാഥ് പറഞ്ഞു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ട് മതി തന്നെ ചോദ്യം ചെയ്യലെന്നും കമല്‍നാഥ് പറഞ്ഞു.
രാജ്യത്ത് ഭയം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇന്‍കം ടാക്‌സ് റെയ്ഡുകളെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ റെയ്ഡ് നടന്നത് തനിക്ക് ബന്ധമുള്ളവരുടെ കേന്ദ്രത്തിലാണെന്നത് ആരോപണമാണെന്നും കമല്‍നാഥ് പറഞ്ഞു.
ഗര്‍ഭിണികളും ആദിവാസി കുട്ടികള്‍ക്കുമുള്ള കേന്ദ്രഫണ്ട് മധ്യപ്രദേശ് സര്‍ക്കാര്‍ ദല്‍ഹി കോണ്‍ഗ്രസ് ഓഫീസിലേക്ക് കടത്തുകയും പാര്‍ട്ടി പ്രചരണത്തിനായി ഉപയോഗിച്ചെന്നും മോദി ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടിയുമായാണ് കമല്‍നാഥ് രംഗത്തത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി 240 അനൗദ്യോഗിക യാത്രകള്‍ നടത്തിയെന്നും ബി.ജെ.പി ഇതിന് 1.4 കോടി മാത്രമാണ് വ്യോമസേനയ്ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ വ്യോമസേന ഏത് തരത്തിലുള്ള വിമാനമാണ് ഓരോ യാത്രക്കും ഉപയോഗിച്ചതെന്നോ എത്ര മണിക്കൂര്‍ യാത്ര ചെയ്തെന്നോ വ്യക്തമാക്കുന്നില്ല. ഇതില്‍ ഓരോ യാത്രയും എവിടേക്കാണ് എന്നതിനെ കുറിച്ചും എത്ര രൂപ ചെലവഴിച്ചു എന്നും മാത്രമേ പറയുന്നൂള്ളു.
ഇതില്‍ തന്നെ ചില സാഹചര്യങ്ങളില്‍ യാത്രക്കായ് ചെലവഴിച്ച തൂക വളരെ തുച്ഛമായാണ് കൊടുത്തിട്ടുള്ളത്.