ഭോപ്പാല്‍: പ്രതിപക്ഷ സഖ്യമായ ഇന്ത്യ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് മോദിക്കെതിരെ അണിനിരക്കുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമല്‍ നാഥ്. ഇന്ത്യയുടെ മുദ്രാവാക്യം തന്നെ ‘ആരും ആകാം, പക്ഷേ മോദിയല്ല'(Anybody but modi) എന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയുടെ മധ്യപ്രദേശ്-ഛത്തീസ്ഗഡ് ചാനല്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍ നാഥ്.
‘പ്രതിപക്ഷ സഖ്യത്തിലെ ഭിന്നതകള്‍ പരിഹരിക്കപ്പെടും. വരാന്‍ പോകുന്ന 2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സായ ഇന്ത്യക്ക് 2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടയാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ കമല്‍ നാഥ് പറഞ്ഞു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ച പദ്ധതികളെ രൂക്ഷമായി വിമര്‍ശിച്ച കമല്‍ നാഥ് വാക്കല്ല പ്രവര്‍ത്തിയാണ് വലുതെന്നും പറഞ്ഞു.
‘സഹോദരിമാരെയും കര്‍ഷകരെയും 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഓര്‍മിക്കുന്നത്. തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രമുള്ളപ്പോള്‍ എന്തിനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം അവര്‍ നടത്തിയത്? 18 വര്‍ഷത്തെ അദ്ദേഹത്തിന്റെ കുറ്റങ്ങള്‍ കഴുകാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
സാധാരണക്കാരോട് ക്ഷേമത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മുടെ മനസില്‍ തെരഞ്ഞെടുപ്പുണ്ടായിരുന്നില്ല. ഗ്യാസ് സിലിണ്ടറിന് 500 രൂപയെന്ന് ശിവരാജ് ചൗഹാന്‍ പ്രഖ്യാപിച്ചാല്‍ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം ആ പ്രഖ്യാപനം നടത്തുമെന്നാണ് ഞാന്‍ കേട്ടത്. ഞങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്ക് ശേഷം അദ്ദേഹം സിലിണ്ടറുകളെയും സ്ത്രീകളെയും കുറിച്ച് ചിന്തിക്കുന്നു.
ഞങ്ങള്‍ 1500 നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം 2000 നല്‍കുമെന്ന് പറയുന്നു. അത് അങ്ങനെ നടന്നാല്‍ ഞങ്ങളുടെ ലക്ഷ്യം സാധിക്കും. കാരണം ഞങ്ങളുടെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമാണ്. വോട്ടല്ല,’ കമല്‍ നാഥ് പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലും സമാനമായ തെരഞ്ഞൈടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിരുന്നു.
ഗ്യാസ് സിലിണ്ടര്‍-500, എല്ലാ സ്ത്രീകള്‍ക്കും മാസം 1500 രൂപ, വൈദ്യുതി 100 യൂണിറ്റ് വരെ എഴുതി തള്ളും, 200 യൂണിറ്റ് വരെ പകുതിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയത്.
CONTENT HIGHLIGHTS: kamal nath about india bloc