| Tuesday, 8th August 2023, 8:20 am

82% ഹിന്ദുക്കള്‍ താമസിക്കുന്നത് ഏത് തരം രാജ്യമായിരിക്കും? ഹിന്ദുരാഷ്ട്ര ചോദ്യത്തോട് പ്രതികരിച്ച് കമല്‍നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: 82 ശതമാനവും ഹിന്ദുക്കള്‍ താമസിക്കുന്ന രാജ്യം എന്ത് രാഷ്ട്രമായിരിക്കുമെന്ന ചോദ്യത്തിലൂടെ ഹിന്ദു രാഷ്ട്രത്തെ പരോക്ഷമായി പിന്തുണച്ച് സംസാരിച്ച് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ്.

ബാഗേശ്വര്‍ ധാം ട്രസ്റ്റ് മേധാവിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ധീരേന്ദ്ര ശാസ്ത്രിയുടെ, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശിലെ ഛിന്ദ്‌വാറ ജില്ലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഹനുമാന്‍ കഥ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ നാഥ്. പരിപാടിയില്‍ ശാസ്ത്രിയും പങ്കെടുത്തിരുന്നു.

‘എല്ലാവര്‍ക്കും അവരുവരുടേതായ കാഴ്ചപ്പാടുകളുണ്ട്. ഇന്ന് രാജ്യത്ത് 82 ശതമാനവും ഹിന്ദുക്കളാണ്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യം ഏത് തരത്തിലുള്ള രാജ്യമായിരിക്കും? ഞാന്‍ മതേതരനാണ്. ഭരണഘടന പറയുന്നത് പോലെ ജീവിക്കുന്നയാളാണ്,’ അദ്ദേഹം പറഞ്ഞു.

നിരന്തരമായി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിക്കുന്ന ശാസ്ത്രി ഛദ്ദര്‍പുരിലെ തന്റെ ആശ്രമത്തില്‍ ഘര്‍ വാപസി പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ശാസ്ത്രിയും താനും തമ്മിലുള്ള ബന്ധം ഹനുമാന്റെ ബന്ധം പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

‘മഹാരാജ് ജി (ധീരേന്ദ്ര ശാസ്ത്രി), ഭാവിയില്‍ നിങ്ങള്‍ക്ക് എന്നെ ഉപേക്ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഈ ലോകത്ത് വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങളുണ്ട്. എന്നാല്‍ ഞാനും മഹാരാജും തമ്മിലുള്ള ബന്ധം ഹനുമാന്റെ ബന്ധമാണ്. എല്ലാവരും ഈ ബന്ധത്തിന്റെ സാക്ഷികളാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും എന്റെ നേരെ വിരല്‍ ചൂണ്ടാന്‍ സാധിക്കില്ല.

മഹാരാജ് ജി നിങ്ങള്‍ എവിടെ പോയാലും ചിന്ദ്‌വാര പോലെയുള്ള ഒരു സ്ഥലം നിങ്ങള്‍ക്ക് കാണാന്‍ കിട്ടില്ല.

ഇന്ന് ഞങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. നാമെല്ലാവരും നമ്മുടെ മതത്തെയും ബഹുമാനിക്കുന്നു. ഞാന്‍ ഒരു ഹിന്ദുവാണെന്ന്, വളരെ അഭിമാനത്തോടെ പറയും,’ അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ ഹിന്ദു വിരുദ്ധ പാര്‍ട്ടി എന്ന ആരോപണത്തില്‍ നിന്നും രക്ഷ നേടാന്‍ മൃദു ഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തനിക്ക് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യമില്ലെന്ന് ശാസ്ത്രിയും മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദല്ല, ശിവക്ഷേത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ നൂഹില്‍ സംഭവിച്ചത് ഹിന്ദുക്കള്‍ക്ക് നേരെ നടന്ന രാജ്യത്തിന്റെ നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ഹിന്ദുക്കള്‍ ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

content highlights: KAMAL NATH ABOUT HINDU RASHTA

We use cookies to give you the best possible experience. Learn more