| Friday, 13th December 2019, 2:08 pm

'വിഭജനത്തിന്റെ വിത്തുകള്‍ പാകുന്നതില്‍ ഞങ്ങളും ഭാഗമാകേണ്ടതുണ്ടോ?'; മൂന്നു മുഖ്യമന്ത്രിമാര്‍ക്കു പിന്നാലെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരിച്ച് കമല്‍ നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മൂന്നു മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയതോടെ മറ്റ് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരിലേക്കാണു രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍. എന്നാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍ നാഥ് നിലപാട് വ്യക്തമാക്കാതെയുള്ള പ്രതികരണമാണു നടത്തിയത്.

കോണ്‍ഗ്രസ് എന്തു നിലപാടെടുത്താലും അതു പിന്തുടരുമെന്നായിരുന്നു കമല്‍ നാഥിന്റെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്തു നിലപാടെടുത്താലും ഞങ്ങള്‍ അതു പിന്തുടരും. വിഭജനത്തിന്റെ വിത്തുകള്‍ പാകാനുള്ള പ്രക്രിയയില്‍ ഞങ്ങളും ഭാഗമാകേണ്ടതുണ്ടോ?’- അദ്ദേഹം ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം നിയമം പഞ്ചാബില്‍ നടപ്പിലാക്കില്ലെന്നു വ്യക്തമാക്കി വ്യാഴാഴ്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു. നിയമം ഇന്ത്യയുടെ മതേതര സ്വഭാവത്തിനു നേര്‍ക്കുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ ശക്തിയും അത് നിലനില്‍ക്കുന്നതും നാനാത്വത്തിലാണ്. അതിനെ തകര്‍ക്കുന്ന ബില്ല് തന്റെ സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന, ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന ഒരു നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല. ഭരണഘടനയുടെ മൂല്യങ്ങളെ ലംഘിക്കുന്ന ബില്ലിനെ തള്ളിക്കളഞ്ഞതായി പ്രഖ്യാപിക്കണമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കുന്ന ബില്ല് നിയമവിരുദ്ധമാണെന്നും ധാര്‍മ്മികതയില്ലാത്തതാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബില്ല് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമം ബംഗാളില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നിലപാട് വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more